യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് വൻ പിഴ; അടിയന്തര മുന്നറിയിപ്പുമായി മന്ത്രാലയം

മൂന്ന് വർഷം മുൻപ് രാജ്യം നിർബന്ധമാക്കിയ ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭൂരിഭാഗം പേരും അംഗങ്ങളായത് മുൻവർഷങ്ങളിലെ ജൂൺ മാസത്തിലായതിനാൽ, പോളിസി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് എത്രയും വേഗം പുതുക്കണമെന്നാണ് അധികൃതർ ഓർമ്മിപ്പിക്കുന്നത്

യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് വൻ പിഴ; അടിയന്തര മുന്നറിയിപ്പുമായി മന്ത്രാലയം
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പുതുക്കാത്തവർക്ക് വൻ പിഴ; അടിയന്തര മുന്നറിയിപ്പുമായി മന്ത്രാലയം

അബുദാബി: യുഎഇയിലെ സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാരും തങ്ങളുടെ തൊഴിൽ നഷ്ട ഇൻഷുറൻസ് പോളിസികൾ യഥാസമയം പുതുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. മൂന്ന് വർഷം മുൻപ് രാജ്യം നിർബന്ധമാക്കിയ ഈ ഇൻഷുറൻസ് പദ്ധതിയിൽ ഭൂരിഭാഗം പേരും അംഗങ്ങളായത് മുൻവർഷങ്ങളിലെ ജൂൺ മാസത്തിലായതിനാൽ, പോളിസി കാലാവധി അവസാനിക്കുന്ന മുറയ്ക്ക് എത്രയും വേഗം പുതുക്കണമെന്നാണ് അധികൃതർ ഓർമ്മിപ്പിക്കുന്നത്. അല്ലാത്തപക്ഷം വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മന്ത്രാലയം നൽകുന്നത്.

കൃത്യസമയത്ത് പോളിസി പുതുക്കാത്തവർക്ക് 200 ദിർഹവും, പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 400 ദിർഹവുമാണ് പിഴ ചുമത്തുക. ഈ തുക പിന്നീട് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നോ മറ്റ് സേവനാനുകൂല്യങ്ങളിൽ നിന്നോ നേരിട്ട് ഈടാക്കുന്നതായിരിക്കും. കൂടാതെ, ഇൻഷുറൻസ് പുതുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് യുഎഇയിൽ പുതിയ തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ജോലി മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ തടസ്സമായി മാറും.

Also Read: ആഗോള വ്യാപാരത്തിൽ വൻ കുതിച്ചുചാട്ടം; ജിദ്ദയെ ഇന്ത്യയുമായും ജിബൂട്ടിയുമായും ബന്ധിപ്പിച്ച് പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു

2023 ജനുവരിയിൽ തുടക്കം കുറിച്ച ഈ സുരക്ഷാ പദ്ധതിയിൽ രാജ്യത്തെ 90 ശതമാനത്തിലധികം ജീവനക്കാരും ഇതിനകം പങ്കാളികളായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെടുന്ന ഘട്ടങ്ങളിൽ ജീവനക്കാർക്ക് സാമ്പത്തിക പ്രതിസന്ധിയില്ലാതെ മുന്നോട്ട് പോകാൻ തുണയാകുന്നതാണ് ഈ പദ്ധതി. പദ്ധതി ആരംഭിച്ച് ഇതുവരെയായി ഏകദേശം 35 കോടി ദിർഹത്തിന്റെ ആനുകൂല്യങ്ങൾ വിവിധ ഗുണഭോക്താക്കൾക്കായി വിതരണം ചെയ്തുകഴിഞ്ഞതായും മന്ത്രാലയം അറിയിച്ചു.

ഇൻഷുറൻസ് പരിരക്ഷ ആരംഭിച്ച് തുടർച്ചയായി 12 മാസം പൂർത്തിയാക്കിയ ഏതൊരു ജീവനക്കാരനും ജോലി നഷ്ടപ്പെട്ടാൽ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. തൊഴിൽ നഷ്ടപ്പെടുന്ന തീയതി മുതൽ പരമാവധി മൂന്ന് മാസത്തേക്ക് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുകയാണ് ധനസഹായമായി ലഭിക്കുക. കുറഞ്ഞ പ്രീമിയം തുകയിൽ ഉയർന്ന സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.

Also Read: കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ്റെ ഭീകരാക്രമണത്തെ ഒറ്റക്കെട്ടായി അപലപിച്ച് ജിസിസി രാജ്യങ്ങൾ; ശക്തമായ പിന്തുണയുമായി അറബ് ലോകം

പ്രതിമാസ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങളായാണ് പ്രീമിയം തുക നിശ്ചയിച്ചിരിക്കുന്നത്. 16,000 ദിർഹത്തിൽ കുറവ് ശമ്പളമുള്ളവർ പ്രതിമാസം 5 ദിർഹവും, 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ പ്രതിമാസം 10 ദിർഹവുമാണ് അടയ്ക്കേണ്ടത്. ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ച് മാസത്തിലോ, അതല്ലെങ്കിൽ 3, 6, 12 മാസങ്ങളിൽ ഒരിക്കലായോ തുക ഒന്നിച്ചടയ്ക്കാനുള്ള സൗകര്യമുണ്ട്. ആദ്യ വിഭാഗത്തിൽ പെട്ടവർക്ക് ജോലി നഷ്ടമായാൽ പ്രതിമാസം പരമാവധി 10,000 ദിർഹം വരെയും, രണ്ടാമത്തെ വിഭാഗത്തിലുള്ളവർക്ക് പ്രതിമാസം 20,000 ദിർഹം വരെയുമാണ് ധനസഹായം ലഭിക്കുക.

അതേസമയം, കമ്പനി ഉടമസ്ഥർ, ഗാർഹിക ജോലിക്കാർ, താൽക്കാലിക കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ, 18 വയസ്സിന് താഴെയുള്ളവർ, പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന വിരമിച്ച ജീവനക്കാർ എന്നിവരെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് സ്വന്തമായി തന്നെ വളരെ എളുപ്പത്തിൽ പോളിസി പുതുക്കാവുന്നതാണ്. ILOE ഔദ്യോഗിക വെബ്സൈറ്റ് (www.iloe.ae), മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയോ അൽ അൻസാരി എക്സ്ചേഞ്ച്, തഷീൽ, തൗജീഹ് കേന്ദ്രങ്ങൾ സന്ദർശിച്ചോ അഞ്ച് മിനിറ്റിനുള്ളിൽ ഇൻഷുറൻസ് പുതുക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top