ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു

ബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്. ഒരു മണിക്കൂറിൽ ശരാശരി 3,875 പേർ പതിനെട്ടാംപടി ചവിട്ടുന്നുണ്ട്. മരക്കൂട്ടം മുതൽ രാവിലെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് ഘട്ടംഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇന്നലെ മാത്രം 92,041 ഭക്തരാണ് ദർശനം നടത്തിയത്. അതേസമയം, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബ് ശബരിമലയിലെത്തി ദർശനം നടത്തുകയും, വൈകുന്നേരത്തോടെ മലയിറങ്ങുകയും ചെയ്യും.

ശബരിമല മണ്ഡലപൂജയോടനുബന്ധിച്ചുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള സ്ലോട്ടുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിൽ ഡിസംബർ 26-ന് 30,000 പേർക്കും ഡിസംബർ 27-ന് 35,000 പേർക്കും വെർച്വൽ ക്യൂ വഴി ദർശനത്തിന് അവസരം ലഭിക്കും. ഈ രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം അധികമായി അനുവദിക്കുന്നതാണ്. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ഭക്തർ ദർശനത്തിനുള്ള സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്.

Also Read: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ: സംസ്ഥാനത്ത് 244 കേന്ദ്രങ്ങൾ; ഫലം രാവിലെ 8 മുതൽ

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എ.ഡി.എം. ഡോ. അരുൺ എസ്. നായർ ഐ.എ.എസ്. അറിയിച്ചു. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും, വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ദർശനത്തിനെത്താൻ ഭക്തർ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ള വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി, നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എ.ഡി.എം. നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ, അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ നിർദ്ദേശം. നിലവിൽ, കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റാൻ വനപാലകരും അഗ്നിശമന സേനയും എൻ.ഡി.ആർ.എഫും ഏറെ പണിപ്പെടുകയാണ്.

Share Email
Top