ബെംഗളൂരൂ: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ നടി രന്യ റാവുവിന്റെ രണ്ടാനച്ഛനും കര്‍ണാടകയിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ രാമചന്ദ്ര റാവു നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. കര്‍ണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
മാര്‍ച്ച് 3ന് ദുബായില്‍നിന്നു ബെംഗളൂരൂ വിമാനത്താവളത്തിലെത്തിയ നടിയെ ഡിആര്‍ഐ സംഘം 12.56 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി പിടികൂടുകയായിരുന്നു. ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയില്‍ 14 സ്വര്‍ണക്കട്ടികളും ശരീരത്തില്‍ അണിഞ്ഞിരുന്ന 800 ഗ്രാം സ്വര്‍ണവുമാണ് ഡിആര്‍ഐ സംഘം നടിയില്‍ നിന്നു പിടികൂടിയത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും 2.67 കോടി രൂപയും ഡിആര്‍ഐ സംഘം കണ്ടെടുത്തിരുന്നു.
Also Read: ഡല്‍ഹിയില്‍ നിന്നുള്ള ഒരു യാത്രക്കാരനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ കരുവാക്കി; രന്യ റാവു
ഇതിനുപിന്നാലെ രന്യ റാവു പിതാവിന്റെ ഔദ്യോഗിക പദവി കള്ളക്കടത്തിനുവേണ്ടി ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ടെര്‍മിനലില്‍ സുരക്ഷ അകമ്പടി ലഭിക്കാനും ശരീര പരിശോധനയില്‍നിന്ന് ഒഴിവാകാനും പിതാവിന്റെ പദവിയാണ് രന്യ ദുരുപയോഗം ചെയ്തിരുന്നത്. പലപ്പോഴും വിമാനത്താവളത്തില്‍നിന്നു സര്‍ക്കാര്‍ വാഹനങ്ങളിലാണ് നടി മടങ്ങിയിരുന്നത്.
ഇതിനുപിന്നാലെ രന്യയുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നു കെ.രാമചന്ദ്രന്‍ പറഞ്ഞു. രന്യ തങ്ങളോടൊപ്പമല്ല ഭര്‍ത്താവിനൊപ്പമാണ് താമസിക്കുന്നത്. വിവാഹശേഷം തങ്ങളെ കാണാന്‍ വന്നിട്ടില്ല. മകളുടെ ഇടപാടുകളെ കുറിച്ച് അറിയില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഒരു ബ്ലാക്ക് മാര്‍ക്കും ഉണ്ടായിട്ടില്ല. കൂടുതലൊന്നും പറയാനില്ല എന്നായിരുന്നു രാമചന്ദ്ര റാവു അന്ന് പറഞ്ഞത്.