വിദേശയാത്ര കഴിഞ്ഞ് നാട്ടിലെത്തുമ്പോൾ ലഗേജ് കൺവെയർ ബെൽറ്റിൽ എത്തുമ്പോൾ തന്നെ യാത്രക്കാരുടെ മനസ്സ് ആകാംക്ഷയിലാകും. പ്രിയപ്പെട്ടവർക്കുള്ള സമ്മാനങ്ങളുമായി എത്തുന്ന പെട്ടിക്ക് എന്തെങ്കിലും കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനമാണ്. എന്നാൽ ലഗേജിന് തകരാറുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഭ്രാന്തരാകാതെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാൽ വിമാനക്കമ്പനികളിൽ നിന്ന് പൂർണമായ നഷ്ടപരിഹാരം നേടിയെടുക്കാൻ സാധിക്കും.
ലഗേജിൽ തകരാറുകൾ കണ്ടാൽ എക്സിറ്റ് ഗേറ്റിന് പുറത്തേക്ക് പോകുന്നതിന് മുൻപ് തന്നെ ടെർമിനലിലെ ബാഗേജ് സർവ്വീസസ് ഓഫീസുമായി ബന്ധപ്പെടണം. പുറത്തുപോയാൽ കേടുപാടുകൾ യാത്രയ്ക്കിടയിലാണ് സംഭവിച്ചതെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാകും. അവിടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് പ്രോപ്പർട്ടി ഇറഗുലാരിറ്റി റിപ്പോർട്ട് ഫോം വാങ്ങി കൃത്യമായി പൂരിപ്പിച്ച് നൽകുക. ഒപ്പം തകരാറിലായ ബാഗിന്റെയും ലഗേജ് ടാഗിന്റെയും ബോർഡിങ് പാസിന്റെയും വ്യക്തമായ ഫോട്ടോകളും വീഡിയോകളും ഫോണിൽ പകർത്തി സൂക്ഷിക്കാനും മറക്കരുത്.
Also Read: യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് കാലാവസ്ഥാ വ്യതിയാനം; കാർഷിക മേഖലയ്ക്ക് 34,700 കോടിയുടെ നഷ്ടം
പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഏഴ് ദിവസത്തിനുള്ളിൽ വിമാനക്കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. ആഭ്യന്തര യാത്രകൾക്ക് ഡിജിസിഎ മാനദണ്ഡങ്ങളും അന്താരാഷ്ട്ര യാത്രകൾക്ക് മോൺട്രിയൽ കൺവെൻഷൻ ചട്ടങ്ങളുമാണ് ഇതിനായി ബാധകമാകുന്നത്. എന്നാൽ ബാഗിൽ അമിതമായി സാധനങ്ങൾ കുത്തിനിറച്ചുണ്ടാകുന്ന പൊട്ടലുകൾക്കോ സാധാരണ യാത്രകളിൽ സംഭവിക്കുന്ന ചെറിയ പോറലുകൾക്കോ നഷ്ടപരിഹാരം ലഭിക്കില്ലെന്ന കാര്യവും യാത്രക്കാർ ഓർക്കണം.
വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ‘എയർസേവ’ പോർട്ടൽ വഴി ഉപഭോക്താക്കൾക്ക് ഓൺലൈനായി പരാതി നൽകാം. അവിടെയും പരിഹാരമായില്ലെങ്കിൽ തക്കതായ തെളിവുകളോടെ കൺസ്യൂമർ കോർട്ടിനെ സമീപിക്കാനുള്ള നിയമപരമായ അവകാശവും യാത്രക്കാർക്കുണ്ട്.






