ന്യൂഡൽഹി: കേരള മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടികളിൽ കോൺഗ്രസ്സ് ഹൈക്കമാൻ്റ് കടുത്ത അതൃപ്‌തിയില്ലെന്ന് സൂചന. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ നിയമിച്ചതാണ് കോൺഗ്രസ്സ് ഹൈക്കമാൻ്റിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സെക്രട്ടറിയെ മാറ്റാൻ തൽക്കാലം കേന്ദ്ര നേതൃത്വം ആവശ്യപ്പെടില്ലങ്കിലും മുഖ്യമന്ത്രിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ തന്നെയാണ് തീരുമാനം.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാൻ വേണ്ടി വി ഡി സതീശൻ മുസ്ലീം ലീഗിനെയും മാധ്യമങ്ങളെയും ഉൾപ്പെടെ കൂട്ട് പിടിച്ച് നടത്തിയ സമ്മർദ്ദ തന്ത്രത്തിൽ രാഹുൽ ഗാന്ധി നിലവിൽ കടുത്ത അതൃപ്തിയിലാണുള്ളത്. ഇതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറി നിയമനം കൂടി ഹൈക്കമാൻ്റ് താൽപര്യത്തിന് എതിരായി വന്നത് കോൺഗ്രസ്സ് നേതൃത്വത്തിലെ സതീശൻ്റെ അവസ്ഥയാണ് മോശമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി വി ഡി സതീശൻ ആദ്യം നിശ്ചയിച്ചിരുന്നത് എം ജി രാജമാണിക്യത്തെ ആയിരുന്നു. എന്നാൽ ഈ വിവരം ചോർന്ന് രാജമാണിക്യത്തിൻ്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി വിവാദമുയർന്ന പശ്ചാത്തലത്തിലാണ് രത്തൻ കേൽക്കറെ തിരഞ്ഞെടുത്തിരുന്നത്. അതാണിപ്പോൾ വിവാദത്തിലായിരിക്കുന്നത്.
യോഗ്യരായ നിരവധി ഐ.എ.എസ് ഓഫീസർമാർ ഉണ്ടായിട്ടും, കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ തന്നെ തിരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയാക്കിയതിനെ ന്യായീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാൻ്റുള്ളത്. ഈ നിയമനത്തിൽ അഭിപ്രായം പറയാനില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിൻ്റെ നിലപാടിൽ തന്നെ മുഖ്യമന്ത്രിയുടെ നിലപാടിനോടുള്ള അതൃപ്‌തിയാണ് വ്യക്തമായിരിക്കുന്നത്.
സമാനമായ നിയമനം പശ്ചിമ ബംഗാളിലെ ബി.ജെ.പി മുഖ്യമന്ത്രി നടത്തിയപ്പോൾ അതിനെ അതിരൂഷമായി വിമർശിച്ച് രംഗത്ത് വന്നത് സാക്ഷാൽ രാഹുൽ ഗാന്ധിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ്സിനെതിരെ സി.പി.എമ്മും നിലപാട് കടുപ്പിച്ചിട്ടുണ്ട്.
‘തെരഞ്ഞെടുപ്പു കമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും, ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന് നേതൃത്വം നൽകുകയും ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് രത്തൻ കേൽക്കർ’ എന്നാണ് സി.പി.എം ആരോപിക്കുന്നത്.
പശ്ചിമ ബംഗാളിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി സർക്കാർ ചീഫ് സെക്രട്ടറിയാക്കിയതിനെ എതിർത്ത രാഹുൽഗാന്ധി, കേരളത്തിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി ഇവിടുത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ സെക്രട്ടറിയാക്കിയതിന് മറുപടി പറയണമെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വവും ആവശ്യപ്പെടുന്നത്.
പതിനായിരക്കണക്കിനാളുകൾക്ക് വോട്ടവകാശം നൽകാതിരുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വക്താവാണ് മുഖ്യമന്ത്രി നിയോഗിച്ച പുതിയ സെക്രട്ടറി കേൽക്കർ എന്ന് സി.പി.എം പറയുമ്പോൾ, യഥാർത്ഥത്തിൽ ഉത്തരംമുട്ടി പോകുന്നത് രാഹുൽ ഗാന്ധിക്ക് മാത്രമല്ല, യുഡിഎഫ് നേതാക്കൾക്കും മന്ത്രിമാർക്കും കൂടിയാണ്.
അതേസമയം, ‘കോൺഗ്രസ്സ് ദേശീയ നേതൃത്വം ഇടപെട്ട് മുഖ്യമന്ത്രിയെ തിരുത്തുമെന്ന’ അഭ്യൂഹം നിലനിൽക്കെ തിരക്കിട്ട മറ്റൊരു നീക്കവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും നിലവിൽ ഉണ്ടായിട്ടുണ്ട്. അത് സെക്രട്ടറിയോട് ധൃതിപിടിച്ച ചുമതലയേൽക്കാൻ ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ച തന്നെ അദ്ദേഹം ചുമതലയേറ്റെടുത്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. ഇതൊരു അസാധാരാണ നടപടി ആയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതുപോലെ തന്നെ, ജില്ലാ കളക്ടർമാരുടെയും വ്യാവസായിക ഡയറക്ടറുടെയും സ്ഥലംമാറ്റവും ഇപ്പോൾ വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ വി ഡി സതീശന് ഒന്നിനു പുറകെ ഒന്നായി ചുവട് പിഴക്കുന്ന കാഴ്ചയുടെ തുടർച്ചയാണിത്.
കളക്ടർമാരെയും വ്യവസായ വകുപ്പ് ഡയറക്ടറെയും മാറ്റിയതും പുതിയ ആളുകളെ നിയമിച്ചതും ഒന്നും തന്നെ, ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ അറിഞ്ഞിട്ടില്ല. ചീഫ് സെക്രട്ടറി ഇടപെട്ടാണ് സ്ഥലമാറ്റം നടത്തിയത് എന്ന വാദവും ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്. ഏത് നിമിഷവും സസ്പെൻഷൻ പേടിച്ച് ഇരിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് സ്വന്തം നിലയ്ക്ക് ഇത്തരം തീരുമാനമെടുക്കാനുള്ള ധൈര്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം. തീർച്ചയായും ഇത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തിയ സ്ഥലമാറ്റം തന്നെയാണ് എന്നത് ഉറപ്പാണ്. റവന്യൂ മന്ത്രി എ പി അനിൽകുമാറിനും വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടിക്കും ഇക്കാര്യം വ്യക്തമായിട്ടുമുണ്ട്. ഇവർ രണ്ടുപേരും നിരവധി തവണ മന്ത്രിമാരായി ഇരുന്ന് പരിചയമുള്ളതിനാൽ, ഭരണ രംഗത്തെ വീഴ്ച എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ കർക്കശക്കാരനാണ് എന്ന് പറയുമ്പോഴും, വി ഡി സതീശൻ ഇതുവരെ ഒരു മന്ത്രിയായി ഇരുന്നിട്ടില്ല എന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഭരണ രംഗത്ത് ഒരു പോരായ്മ തന്നെയാണ്. ഈ പോരായ്മ തുറന്നു കാട്ടുന്നതാണ് സെക്രട്ടറിയുടെ നിയമനവും ഐ.എ.എസ്സുകാരുടെ സ്ഥലമാറ്റവും എന്നതാണ് വസ്തുത.
പിണറായി ഭരിക്കുമ്പോൾ പി ശശി ഇടപെട്ടതു പോലെ വി ഡി സതീശൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഒരാൾക്കും ഇടപെടാൻ കഴിയുകയില്ല. ഇത് ഏറ്റവും നന്നായി അറിയാവുന്നതും സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർക്കാണ്. അതുകൊണ്ടു തന്നെയാണ് അവർ ഇപ്പോഴത്തെ സ്ഥലംമാറ്റത്തിൽ ചീഫ് സെക്രട്ടറിക്ക് എതിരെ രംഗത്ത് വരാതിരിക്കുന്നത്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങൾ വിവാദമായതോടെ, ഏത് മന്ത്രിമാരുടെ വകുപ്പുകളിലും കേന്ദ്ര സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ നിയമിക്കുമ്പോഴും, സ്ഥലം മാറ്റുമ്പോഴും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർ അറിഞ്ഞിരിക്കണമെന്നും കൂടിയാലോചന വേണമെന്നുമുള്ള നിലപാടിൽ ഇപ്പോൾ എല്ലാ മന്ത്രിമാരും ഉറച്ച് നിൽക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് തന്നെ നേരിട്ട് പറയാനാണ് തീരുമാനം.
മുഖ്യമന്ത്രി കൈവച്ച വകുപ്പുകളിൽ ഒന്ന്, അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ എത്താൻ പിന്തുണച്ച മുസ്ലിം ലീഗിൻ്റെ മന്ത്രി പികെ കുഞ്ഞാലി കുട്ടിയുടെ വ്യവസായ വകുപ്പിലാണ്. മറ്റേത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശനോട് ഏറ്റുമുട്ടിയ കെ സി വേണുഗോപാലിൻ്റെ വിശ്വസ്തനായ അനുയായി എ.പി അനിൽകുമാറിൻ്റെ റവന്യൂ വകുപ്പിലാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ഈ സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കപ്പെടാനുളള സാധ്യതയും ഏറെയാണ്.
സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കിയാലും ഇല്ലെങ്കിലും മുഖ്യമന്ത്രി വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലന്ന നിലപാടിലാണ് മന്ത്രിസഭയിലെയും കോൺഗ്രസ്സിലെയും സതീശൻ വിരുദ്ധ വിഭാഗമുള്ളത്. അതിനായുള്ള അവസരങ്ങൾ മുഖ്യമന്ത്രി തന്നെ സൃഷ്ടിച്ചു നൽകുമെന്ന പ്രതീക്ഷയിലാണ് ഈ വിഭാഗമുള്ളത്. വി ഡി സതീശനെ മാറ്റേണ്ട സാഹചര്യം എപ്പോഴെങ്കിലും ഉണ്ടായാൽ പകരം രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാനാണ് കെ സി വേണുഗോപാൽ പക്ഷത്തിൻ്റെ നീക്കം. അങ്ങനെ ഒരു മാറ്റം മന്ത്രിസഭയിൽ ഉണ്ടായാൽ പിന്നീട് ലോകസഭ തിരഞ്ഞെടുപ്പ് വരുമ്പോൾ കെ സി വേണുഗോപാലിനായി ചെന്നിത്തല മാറി കൊടുക്കുമെന്ന പ്രതീക്ഷയും കെ സി വിഭാഗത്തിനുണ്ട്.
Staff Reporter






