നാലു ചുറ്റുമായി വ്യാപിച്ച യുദ്ധത്തിന്റെ നടുക്കടലിലായിരിക്കുകയാണ് ഇസ്രയേല്‍. എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ചുകൊണ്ട് സഖ്യകക്ഷികളുടെയൊന്നും അഭിപ്രായം വകവെക്കാതെ 12 മാസമായി തുടര്‍ന്നുപോന്ന യുദ്ധത്തില്‍ ഇസ്രയേലിന് പല ചേരികളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. അതൊന്നും വകവെക്കാതെ മനുഷ്യക്കുരുതി മാത്രം ലക്ഷ്യം വെച്ചുള്ള ഇസ്രയേലിന്റെ വഴിയില്‍ കാഹളം മുഴക്കിയെത്തിയിരിക്കുകയാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയുടെ പ്രഖ്യാപിത ശത്രുവായ ഇസ്രയേലിനോട് ഹിസ്ബുള്ളയ്ക്കുള്ള പക കാലങ്ങളായി തുടങ്ങിയതാണ്. തുടങ്ങിവെച്ച യുദ്ധമൊന്നും അവസാനിപ്പിക്കാനാകാത്ത വിധം കുടുക്കിലാണിപ്പോള്‍ ഇസ്രയേല്‍. എങ്കിലും ഹിസ്ബുള്ളയുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന് ഒരു ദീര്‍ഘകാലാവധി ലഭിക്കുമോ എന്നത് സംശയമുള്ള കാര്യം തന്നെയാണ്.

പശ്ചിമേഷ്യന്‍ ജനതയുടെ ദുഃസ്വപ്നം പോലെ തന്നെ ഇതൊരു തുറന്ന യുദ്ധത്തിന് തുടക്കമായിരിക്കുകയാണ്. രണ്ട് ദിവസങ്ങളിലായി ലെബനനിലുണ്ടായ പേജര്‍-വാക്കിടോക്കി സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ ഇസ്രയേലും ഹിസ്ബുള്ളയും ആക്രമണ-പ്രത്യാക്രമണങ്ങള്‍ ശക്തമാക്കിയതോടെയാണ് പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധത്തിന്റെ അശാന്തി പടര്‍ന്നത്. സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ലെബനനില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേലിനെ ലക്ഷ്യംവെച്ച് മൂന്നുഘട്ടങ്ങളിലായി 140 കത്യുഷ റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്. പേജര്‍-വാക്കിടോക്കി സ്‌ഫോടനപരമ്പരകള്‍ക്ക് ഇസ്രയേലിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്നാണ് ഹിസ്ബുള്ളയുടെ വെല്ലുവിളി. ഇറാന്റെ പിന്തുണയും സഹായവും വേണ്ടുവോളമുള്ളതിനാല്‍ത്തന്നെ ഹിസ്ബുള്ളയുടെ കരുത്ത് ഇസ്രയേല്‍ കുറച്ച് കാണരുത്. ഏതു സമയവും ഇസ്രയേലിനെതിരെ ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് ഇറാനും.
യുദ്ധത്തിന് ഇസ്രയേല്‍ പോര്‍വിളി കൂട്ടുമ്പോഴും അടങ്ങാത്ത പക കൂടുതല്‍ ഹിസ്ബുള്ളക്കാണെന്ന കാര്യം ഇസ്രയേല്‍ മറക്കുന്നു. കൂട്ടിന് അമേരിക്കയുടെ ഇടപെടല്‍ കൂടിയായതോടെ പശ്ചിമേഷ്യ തീര്‍ത്തും യുദ്ധഭീതിയിലേക്ക് നീങ്ങിക്കഴിഞ്ഞു. ലോകത്തിന്റെ പല കോണുകളില്‍ നിന്നും ഇസ്രയേലിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും അതെല്ലാം അവഗണിച്ചാണ് ലെബനനിലും കൂട്ടക്കൊല തുടരുന്നത്. 50 കുട്ടികളടക്കം അറുനൂറോളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ നാല് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തത്. യുദ്ധമുഖത്തുള്ള ഇസ്രയേലിന്റെ ആവേശത്തില്‍ ഹിസ്ബുള്ളയുടെ പ്രതികരണമാണ് ലോകം ഉറ്റുനോക്കുന്നത്. സമാധാന നിലപാടുകളുടെ സമയമൊക്കെ അവസാനിച്ചുകഴിഞ്ഞു. യുദ്ധനയം തന്നെയാണ് ഹിസ്ബുള്ളയുടെ ആയുധവും. തിരിച്ചടി ഏത് തരത്തിലാണെന്നും എത്രത്തോളമാണെന്നും മാത്രമാണ് ഇനി അറിയേണ്ടത്.

ഹമാസിനെക്കാള്‍ കരുത്തും സൈനീകശക്തിയുമുണ്ട് ഹിസ്ബുള്ളയ്ക്ക്. പുറത്തുവിടാത്ത കണക്കുകള്‍ക്കുമപ്പുറമുള്ള സൈനീക -ആയുധ ശക്തി തന്നെയാണ് ഇസ്രയേലിനെതിരെ തിരിയാനുളള ഹിസ്ബുള്ളയുടെ ബലം. ഹിസ്ബുള്ളയില്‍ നിന്നൊരു സൈനീകാക്രമണം ഇസ്രയേല്‍ ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള ഇസ്രയേലിന്റെ പടയൊരുക്കത്തിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഡിജിറ്റല്‍ സ്ഫോടനങ്ങള്‍. കടുത്ത മുന്നൊരുക്കങ്ങളും ജാഗ്രതയും പുലര്‍ത്തിയാണ് ഇസ്രയേല്‍ മുന്നോട്ട് നീങ്ങുന്നത്. നേരത്തെ ഹമാസുമായി തുടങ്ങിവെച്ച യുദ്ധം തെക്കന്‍ അതിര്‍ത്തിയില്‍ തുടരുന്നു.
വടക്കന്‍ അതിര്‍ത്തിയില്‍ യുദ്ധകാഹളം മുഴക്കി ഹിസ്ബുള്ള. നാലുചുറ്റും ഇറാന്റെ കരുത്തുള്ള രാജ്യങ്ങളും മിലിട്രി സംഘങ്ങളും, ഒപ്പം ഇടിവെട്ടിയത് പോലെ സ്വന്തം രാജ്യത്തിനകത്ത് തന്നെ സര്‍ക്കാരിനെതിരെ പുകയുന്ന അമര്‍ഷവും. ലെബനനിലെ അക്രമത്തിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങളാണ് ഇസ്രയേലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുന്നത്. പതിവുപോലെ ഉറ്റസുഹൃത്തായ അമേരിക്ക തന്നെ ഇത്തവണയും ഇസ്രയേലിന് ശരണം. ആ പതിവ് തെറ്റിക്കാതെ അമേരിക്ക തന്റെ സൈനീക സഹായങ്ങളെല്ലാം തന്നെ ഇസ്രയേലിന് മുന്നില്‍ നിരത്തിയിട്ടുണ്ട്. ആയുധങ്ങളും പടക്കപ്പലുകളുമായി സൈനികസാന്നിധ്യം വര്‍ധിപ്പിച്ച് ധൈര്യം പകരുകയാണ് അമേരിക്ക. സഹായം മാത്രമല്ല, ആവശ്യമെങ്കില്‍ ഇസ്രയേലിനെ സംരക്ഷിക്കാനും അമേരിക്ക രംഗപ്രവേശനം ചെയ്യും.

ഹിസ്ബുള്ളയുടെ സേനയായ ‘റദ്വാന്റെ തലവനായ ഇബ്രാഹിം അക്വിലിനെയും 10 കമാന്‍ഡര്‍മാരെയും ഇസ്രയേല്‍ സേന വധിച്ചതോടെ ഹിസ്ബുള്ള തലവന്‍ നസ്രള്ള, ഇസ്രയേലിന് മേല്‍ താക്കീത് പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങള്‍ക്ക് പുറമെ വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് പലായനം ചെയ്ത അറുപതിനായിരത്തിലധികം വരുന്ന ഇസ്രയേലികളെ മടക്കിക്കൊണ്ടുവരാമെന്ന് കരുതേണ്ടെന്നാണ് നസ്രള്ളയുടെ മുന്നറിയിപ്പ്. ഇവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുക എന്നത് നെതന്യാഹുവിനുള്ള ഒരു വെല്ലുവിളി തന്നെയാണ്. ഹിസ്ബുള്ളയുടെ പ്രധാന സംരക്ഷകരായ ഇറാനും ഇസ്രയേലിന് ശക്തമായ തിരിച്ചടി കൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി രംഗത്തുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസിലേക്ക് ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം പോലെ ഒരു അപ്രതീക്ഷിത ആക്രമണം ഹിസ്ബുള്ളയുടെ വക ഇസ്രയേലിലേക്കുമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഹമാസുമായി തുടങ്ങിവെച്ച യുദ്ധത്തില്‍ എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ച് ഒരു സമാധാന ചര്‍ച്ചയ്ക്ക് പോലും തയ്യാറാകാതെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്നത് തുടരുന്ന സാഹാചര്യത്തിലാണ് ഇസ്രയേല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ളയുമായി സംഘര്‍ഷത്തിന് വഴി തുറന്നുകൊടുത്തത്. പക്ഷേ ഊരാക്കുടുക്കിലേക്കായിരിക്കും ഇത്തവണ ഇസ്രയേലിന്റെ പോക്ക്. ഹമാസ്, ഹിസ്ബുള്ള, യമനിലെ ഹൂതികള്‍, സിറിയ, ഇറാഖിലെ മിലിട്രി ഗ്രൂപ്പുകള്‍ തുടങ്ങി ഇറാന്റെ ശക്തമായ പിന്തുണയുള്ള രാജ്യങ്ങളെല്ലാം തന്നെ ഇസ്രയേലിനെ വളഞ്ഞിരിക്കുകയാണ്. അതിര്‍ത്തികള്‍ ഓരോന്നും തുറന്നിട്ട് നാലുചുറ്റിലും നിന്ന് യുദ്ധത്തിനുള്ള ക്ഷണം കൊടുത്ത സ്ഥിതിക്ക് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കാന്‍ ഇസ്രയേലിന് ഒരല്‍പ്പം വിയര്‍ക്കേണ്ടിവരും.
REPORT: ANURANJANA KRISHNA