സംസ്ഥാനത്തെ ഐ.എ.എസ് ഓഫീസർമാർക്കാകെ അപമാനമായ പ്രവർത്തിയാണ് ദിവ്യ എസ് അയ്യരുടെ ഭാഗത്ത് നിന്നും തുടർച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഒരു ഐ.എ.എസ് ഓഫീസർ ഒരിക്കലും ഇത്തരത്തിൽ പദവിക്ക് നിരക്കാത്ത പ്രവർത്തികൾ ചെയ്യാൻ പാടുള്ളതല്ല. ദിവ്യ എസ് അയ്യരുടെ സമീപകാല പ്രവർത്തികൾ പരിശോധിച്ചാൽ അതിനെ ദുരുദ്ദേശപരമായി മാത്രമേ കാണാൻ പറ്റൂ. സി.പി.എം നേതാവ് കെ രാധാകൃഷ്ണനെ കെട്ടിപിടിച്ച് ആ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്ക് വച്ച ദിവ്യ എസ് അയ്യർ, ഇപ്പോൾ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ പുകഴ്ത്തി പോസ്റ്റിട്ടതും അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുകയില്ല.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ദിവ്യയ്ക്ക് എതിരെ ഉയർന്ന് വന്ന ആരോപണവും സ്ഥലമാറ്റവും അന്വേഷണത്തിൻ്റെ ഗതിയുമൊക്കെ പരിശോധിക്കേണ്ടതും ഈ ഘട്ടത്തിൽ അനിവാര്യമാണ്. കോൺഗ്രസ്സ് യുവനേതാവ് ശബരിനാഥിൻ്റെ ഭാര്യയായ ദിവ്യ എസ് അയ്യർക്കെതിരെ സബ് കളക്ടറായിരിക്കെ തന്നെ, അതീവ ഗുരുതരമായ ആരോപണമാണ് ഉയർന്നിരുന്നത്.
ദിവ്യ എസ്. അയ്യർ തിരുവനന്തപുരം സബ് കളക്ടറായിരിക്കെയാണ് 2018ൽ വർക്കല അയിരൂർ വില്ലേജ് റോഡിൽ പുറമ്പോക്കാണെന്നു കണ്ടെത്തി തഹസിൽദാർ ഏറ്റെടുത്ത ഒരു കോടി രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാൻ ഉത്തരവിട്ടിരുന്നത്. അയിരൂർ പോലീസ് സ്‌റ്റേഷൻ നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ച സ്ഥലമാണ് സബ്കളക്ടർ പതിച്ചു നൽകിയിരുന്നത്. അന്നത്തെ വർക്കല എം.എൽ.എയും ഇപ്പോൾ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എസ്. ജോയിയാണ് ഭൂമി പതിച്ചു നൽകിയതിൽ പരാതിയുമായി രംഗത്തെത്തിയിരുന്നത്. ചട്ടം മറികടന്ന് കോടികളുടെ ഭൂമി സ്വകാര്യ വ്യക്തിക്ക് മറിച്ച് നൽകിയ സബ് കളക്ടറെ അടിയന്തരമായി സസ്‌പെൻഡ് ചെയ്യണമെന്ന് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Also Read: ‘രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് തെറ്റ്’, മറുപടിയുമായി ശബരീനാഥൻ
ഈ വിവാദത്തെ തുടർന്ന് സ്ഥലം മാറ്റപ്പെട്ട ദിവ്യ എസ് അയ്യർ, പിന്നീട് സർക്കാറിൻ്റെ ഉന്നത പദവികളിൽ എത്തിയത് എങ്ങനെയെന്ന് പരിശോധിച്ചാൽ, അവരുടെ പ്രീണന നിലപാടുകൾക്ക് പിന്നിലെ കാരണമെന്താണെന്നത് അരിയാഹാരം കഴിക്കുന്ന ആർക്കും പകൽ പോലെ വ്യക്തമാകുന്നതാണ്.
ഭൂമി പതിച്ചു നൽകിയതു പോലുള്ള ഗുരുതര കുറ്റത്തിന് എന്ത് കൊണ്ട് ദിവ്യ എസ് അയ്യർക്ക് എതിരെ വകുപ്പ് തല ശിക്ഷാ നടപടിയും വിജിലൻസ് കേസും എടുത്തില്ല എന്നതിന് സർക്കാരും വിശദീകരണം നൽകേണ്ടതുണ്ട്. ചെറിയ പിഴവുകൾക്ക് പോലും വലിയ ശിക്ഷ അനുഭവിച്ച് വകുപ്പ് തല നടപടികൾക്ക് ഇപ്പോഴും വിധേയരായിരിക്കുന്ന നിരവധി ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. ഇവർക്ക് ആർക്കും നൽകാത്ത പരിഗണന നടപടിയുടെ കാര്യത്തിലും ദിവ്യ എസ് അയ്യർക്ക് ലഭിക്കുമ്പേൾ, സ്വാഭാവികമായും പൊതു സമൂഹത്തിൽ സംശയങ്ങളും ഉയരും.
സബ് കളക്ടറായിരിക്കെ തന്നെ ഗൗരവപരമായ തെറ്റ് ചെയ്ത ദിവ്യ എസ് അയ്യർ എങ്ങനെയാണ് സീനിയർ ഐ.എ.എസ് ഉദ്ദ്യോഗസ്ഥർ ഇരിക്കേണ്ട വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തും സാംസ്കാരിക വകുപ്പ് തലപ്പത്തും എത്തിയത് എന്നതിനും മറുപടി ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യവുമായി ചേർത്ത് വേണം ദിവ്യ എസ് അയ്യരുടെ ഇപ്പോഴത്തെ പ്രവർത്തികളെയും നോക്കിക്കാണാൻ.
രാഷ്ട്രീയക്കാരൻ്റെ തന്ത്രങ്ങളെ കവച്ചു വയ്ക്കുന്ന തന്ത്രങ്ങളാണ് ഐ.എ.എസ് ഓഫീസറായ ദിവ്യ എസ് അയ്യർ ഇപ്പോൾ പയറ്റി കൊണ്ടിരിക്കുന്നത്. വിജിലൻസ് നടപടിയിൽ നിന്നും തലയൂരാനും പുതിയ പദവികൾ ലഭിക്കാനും അവരുടെ ഇത്തരം സ്ട്രാറ്റജി വിജയം കണ്ടിട്ടുണ്ട് എന്നുതന്നെ പറയേണ്ടി വരും. കെ രാധാകൃഷ്ണനെ ആശ്ലേഷിച്ചു കൊണ്ട് മുൻപ് ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിനൊപ്പം ഇങ്ങനെയാണ് പറഞ്ഞിരുന്നത് –
“കനിവാർന്ന വിരലാൽ വാർത്തെടുത്തൊരു കുടുംബം. രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ,സർ… എന്നിങ്ങനെ പല വാത്സല്യവിളികൾ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയിൽ യാത്രയയക്കാനെത്തിയ കുടുംബാംഗങ്ങൾക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടർ വസതിയിൽ നിന്നും ഞാൻ ഇറങ്ങുമ്പോൾ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കൽ കൂടി നുകർന്നപോൽ”- എന്നായിരുന്നു ദിവ്യ എസ്.അയ്യരുടെ ഇൻസ്റ്റഗ്രാം കുറിപ്പ്. ഇതിനൊപ്പം കെ. രാധാകൃഷ്ണനൊപ്പമെടുത്ത പുതിയ ചിത്രവും നേരത്തെ കളക്ടറായിരിക്കെ മന്ത്രി തന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ വേളയിൽ പകർത്തിയ ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിരുന്നു.

മന്ത്രിയായിരിക്കെ കെ രാധാകൃഷ്ണനെ കളക്ടർ പദവിയിൽ ഇരിക്കുന്ന ദിവ്യ എസ് അയ്യർ കെട്ടിപിടിച്ചതും ആ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്ക് വച്ചതും, കടുത്ത അച്ചടക്ക ലംഘനമായിട്ടും അതിന് ഒരു വിശദീകരണം പോലും ചോദിക്കാൻ, ഇതുവരെ ചീഫ് സെക്രട്ടറി തയ്യാറായിട്ടില്ല. മാത്രമല്ല, സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി, സോഷ്യൽ മീഡിയകളിലൂടെ സ്വയം പ്രമോട്ട് ചെയ്യുന്ന തരത്തിലുള്ള പ്രവർത്തികളും ദിവ്യ എസ് അയ്യരുടെ ഭാഗത്ത് നിന്നും സമീപ കാലത്തായി ഉണ്ടാകുന്നുണ്ട്. ദിവ്യ എസ് അയ്യരുടെ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ പരിശോധിച്ചാൽ, ഇത്തരം ചെപ്പടി വിദ്യകളെല്ലാം തന്നെ ബോധപൂർവ്വം സൃഷ്ടിക്കുന്നതായാണ് തോന്നിപ്പോവുക. ഇങ്ങനെയുള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ നിന്നും ദിവ്യയ്ക്ക് പ്രതിഫലം ലഭിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കപ്പെടേണ്ടതു തന്നെയാണ്. പരസ്യമായി ബ്രേക്ക് ഡാൻസ് കളിച്ച് ഉദ്യോഗസ്ഥരെയാകെ മാനം കെടുത്തിയ ചീഫ് സെക്രട്ടറിയുള്ള നാട്ടിൽ, ഇതല്ല ഇതിലപ്പുറവും സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
Also Read: സിപിഎമ്മില്‍ പുതിയ ആശയങ്ങളുടെ അഭാവം; എംഎ ബേബി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിനെ ദിവ്യ എസ് അയ്യർ പുകഴ്ത്തിയതും ഇതിൻ്റെയൊക്കെ തുടർച്ചയായി മാത്രമേ കാണാൻ കഴിയൂ. ഭരണ തലപ്പത്ത് പിടിപാടുള്ളതിനാൽ, താൻ എന്ത് ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ല എന്ന ഉറപ്പാണോ ദിവ്യ എസ് അയ്യരെ നയിക്കുന്നത് എന്ന് ചോദിച്ച് പോകുന്നതും അതു കൊണ്ടാണ്.
“കർണ്ണന് പോലും അസൂയ തോന്നും വിധമുള്ളതാണ് കെകെആറിന്റെ കവചമെന്നാണ് ഇൻസ്റ്റഗ്രാമിൽ ദിവ്യ എസ്. അയ്യർ കുറിച്ചത്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾ അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം മുന്നിൽനിന്നു വീക്ഷിച്ച തനിക്കു ഒപ്പിയെടുക്കാൻ സാധിച്ച അനവധി ഗുണങ്ങൾ ഉണ്ടെന്നും, വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്! എന്നൊക്കെയാണ് കെ കെ രാഗേഷിനെ ദിവ്യ പ്രശംസിച്ചിരിക്കുന്നത്. സർവ്വീസിലിരിക്കെ മറ്റൊരു ഉദ്യോഗസ്ഥനും ചെയ്യാത്ത പ്രവർത്തി ചെയ്ത് ഇവിടെയും ദിവ്യ എസ് അയ്യർ വ്യത്യസ്തയായിരിക്കുകയാണ്.

ദിവ്യയുടെ ഈ പ്രശംസ കേട്ട് ആദ്യം ശരിക്കും ഞെട്ടിയിട്ടുണ്ടാകുക കെ.കെ.ആർ തന്നെയായിരിക്കും. കെ രാധാകൃഷ്ണനു പിന്നാലെ കെ.കെ രാഗേഷും ഇപ്പോൾ പ്രതിരോധത്തിലായിരിക്കുകയാണ്. “മനോരമ കമ്യൂണിസ്റ്റുകാരെ കുറിച്ച് നല്ലത് പറഞ്ഞാൽ, എന്തോ കുഴപ്പമുണ്ട് എന്ന് പറയുന്നതു പോലെയാണ്, സി.പി.എം നേതാക്കളെ കുറിച്ചുള്ള ദിവ്യ എസ് അയ്യരുടെ അഭിപ്രായ പ്രകടനത്തെ തലസ്ഥാനത്തെ ഒരു വിഭാഗം സി.പി.എം നേതാക്കൾ വിലയിരുത്തുന്നത്. അവരെ സംബന്ധിച്ച് ദിവ്യ എസ് അയ്യർ ഇപ്പോഴും, സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയ കുറ്റക്കാരിയാണ്.
Also Read: എൻ.ഡി.എക്ക് സാധ്യതയില്ല, ഡി.എം.കെ വോട്ട് ബാങ്ക് വിജയ് തകർത്തില്ലെങ്കിൽ വീണ്ടും സ്റ്റാലിൻ ഭരണം
ദിവ്യ എസ് അയ്യരുടെ പ്രീണന പ്രവർത്തികളിൽ യഥാർത്ഥത്തിൽ ഇപ്പോൾ വെട്ടിലായിരിക്കുന്നത് അവരുടെ ഭർത്താവ് ശബരീനാഥാണ്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പിതാവായ ജി കാർത്തികേയനും എതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ്സ് പ്രവർത്തകർ നടത്തുന്നത്. എ.കെ.ജി സെൻ്ററിൽ നിന്നല്ല ദിവ്യ എസ് അയ്യർ ശമ്പളം പറ്റുന്നതെന്ന് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ആഞ്ഞടിച്ചപ്പോൾ, വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യുമെന്ന മുന്നറിയിപ്പാണ് കെ മുരളീധരൻ നൽകിയിരിക്കുന്നത്. ഭരണമാറ്റം സംഭവിച്ചാൽ, ശബരിനാഥിൻ്റെ ഭാര്യയെന്ന പരിഗണന നിയമനങ്ങളിൽ ലഭിക്കില്ലന്ന വ്യക്തമായ സൂചനയാണ് മുരളീധരൻ നൽകിയിരിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ശബരിനാഥിനെ സംബന്ധിച്ച്, പാർട്ടിക്ക് അകത്ത് ഉയർന്നുവന്ന പ്രതിഷേധം വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ദിവ്യയോടുള്ള പ്രതിഷേധം കാരണം കോൺഗ്രസ്സുകാർ തന്നെ പാലം വലിച്ചാൽ, അത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശബരിനാഥിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞതു കൊണ്ടാണ് ദിവ്യയെ തള്ളിപ്പറഞ്ഞ് ഇപ്പോൾ ഭർത്താവായ ശബരിനാഥൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

ദിവ്യയുടെ അഭിപ്രായം വ്യക്തിപരമെന്നും എന്നാൽ കുറച്ചുകൂടി അവധാനത വേണമായിരുന്നുവെന്നുമാണ് ശബരിനാഥൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. ‘‘സർക്കാരിനുവേണ്ടി രാപ്പകൽ അധ്വാനം ചെയ്യുന്ന വ്യക്തിയാണ് ദിവ്യ. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശ്യപരമെങ്കിലും അതിലൊരു വീഴ്ചയുണ്ട്. മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നുള്ളത് ഉദ്യോഗസ്ഥ ധർമമാണ്. അതിന്റെ ഭാഗമായി പോസിറ്റീവ് വാക്കുകൾ പറയുന്നതിൽ തെറ്റില്ല. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ, രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. അതിനാൽത്തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്നു സർക്കാർ തലത്തിൽനിന്നു രാഷ്ട്രീയതലത്തിലേക്കു മാറി. അതുകൊണ്ടാണ് ഈ വിവാദം പൊട്ടിവീണതെന്നുമാണ് ശബരിനാഥൻ പറയുന്നത്.
തന്റെ അഭിപ്രായത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കു വിശിഷ്യ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു ധാരാളം നിയമപരമായ സംരക്ഷണങ്ങളുണ്ട്. അതിനോടൊപ്പം ചില ചട്ടക്കൂടുകളുമുണ്ട്. ഈ ചട്ടക്കൂടുകൾ നിർമിച്ചിരിക്കുന്നത് എക്സിക്യൂട്ടീവിന്റെ സുഗമമായ പ്രവർത്തനത്തിനാണ്. ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നു എന്നും ശബരിനാഥൻ പറയുകയുണ്ടായി. അതായത് സിവിൽ സർവ്വീസ് ചട്ടക്കൂടിന് എതിരാണ് കെ.കെ.രാഗേഷുമായി ബന്ധപ്പെട്ട ദിവ്യയുടെ പ്രതികരണമെന്നത് ഈ പ്രതികരണത്തിലൂടെ അവരുടെ ഭർത്താവ് തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്.
Also Read: സർവ്വകലാശാലകളെ ലക്ഷ്യം വച്ച് ട്രംപിന്റെ പ്രതികാര നടപടികൾ, അമേരിക്കയിൽ ട്രംപിന്റെ ‘നാസി ഭരണം’
കോൺഗ്രസ്സുകാർ ഒന്നടങ്കം ആഞ്ഞടിച്ച് രംഗത്ത് വന്നപ്പോൾ, ഗത്യന്തരമില്ലാതെ ഇത്തരമൊരു പ്രസ്താവന പുറപ്പെടുവിച്ച ശബരിനാഥൻ, തൻ്റെ ഭാര്യയായ ദിവ്യ എസ് അയ്യർ ഐ.എ.എസ്, മന്ത്രിയായിരിക്കെ കെ രാധാകൃഷ്ണനെ കെട്ടിപിടിച്ചതും, പിന്നീട് അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും സർവ്വീസ് ചട്ടക്കൂടിന് എതിരാണെന്നതും തുറന്ന് പറയാൻ തയ്യാറാകണം. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ദിവ്യ എസ് അയ്യർ ഇടപെട്ട് കൊണ്ടിരിക്കുന്ന രീതിയിൽ മറ്റ് ഐ.എ.എസുകാരും സർക്കാർ ഉദ്യോഗസ്ഥരും ഇടപെട്ട് തുടങ്ങിയാൽ എന്താകും അവസ്ഥ എന്നതും, ഭാര്യയെ സമയം കിട്ടുമ്പോൾ പഠിപ്പിച്ച് കൊടുക്കണം. അതാണ് ഉദ്യോഗസ്ഥ സമൂഹവും ആഗ്രഹിക്കുന്നുണ്ടാകുക. സോഷ്യൽ മീഡിയകളിൽ ഹീറോയാവാനും, അധികാര കേന്ദങ്ങളെ പ്രീണിപ്പിക്കാനും ഏത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കും പറ്റും. അവരത് ചെയ്യാത്തത് ഇരിക്കുന്ന പദവിയുടെ അന്തസ്സ് തിരിച്ചറിയുന്നത് കൊണ്ടാണ്. ദിവ്യ എസ് അയ്യരെ പോലെയുള്ളവർ മനസ്സിലാക്കേണ്ടതും അതു തന്നെയാണ്.
Express Kerala view