ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. എന്നാൽ ഈ വാഗ്ദാനങ്ങൾ പൂർണ്ണമായും മുഖവിലയ്‌ക്കെടുക്കാൻ അമേരിക്ക തയ്യാറല്ലെന്നും, ഇറാന്റെ ഔദ്യോഗിക നിലപാടുകളേക്കാൾ അവരുടെ പ്രവൃത്തികൾ വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനങ്ങളിൽ എത്തുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വാൻസ് നിലപാട് വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് മുൻപുള്ള ശാന്തമായ അന്തരീക്ഷം പുനഃസ്ഥാപിക്കുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയുടെയും വാതകത്തിന്റെയും കയറ്റുമതി മുൻപത്തെ പോലെ തടസ്സങ്ങളില്ലാതെ പുനഃസ്ഥാപിക്കപ്പെടണമെന്ന് ജിസിസി രാജ്യങ്ങളും ആഗ്രഹിക്കുന്നുണ്ടെന്നും വാൻസ് കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ്ജ വിതരണം സാധാരണ നിലയിലാക്കാൻ സഖ്യകക്ഷികളുമായി ചേർന്ന് ശക്തമായ ഇടപെടലുകളാണ് അമേരിക്ക നടത്തിവരുന്നത്.
Also Read: ‘മക്ക സംയുക്ത പ്രതിരോധ കരാർ’ യാഥാർത്ഥ്യമായി; സഖ്യത്തിലേക്ക് ഈജിപ്തും എത്തിയേക്കുമെന്ന് തുർക്കി
കപ്പലുകളിലെ ചരക്കിന്റെ മൊത്തം മൂല്യത്തിന്റെ അഞ്ചു മുതൽ ഏഴു ശതമാനം വരെ ട്രാൻസിറ്റ് ഫീസായി ഈടാക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി നേരത്തെ വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം പദ്ധതികളൊന്നും തങ്ങളുടെ പരിഗണനയിലില്ലെന്നാണ് ഇറാൻ ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എങ്കിലും മേഖലയിലെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും കപ്പലുകളുടെ സുഗമമായ സഞ്ചാരത്തിനുമുള്ള നടപടികൾ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി.






