പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകമെമ്പാടും ഇന്ധനക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഇന്ത്യയിൽ പാചകവാതക ലഭ്യത കുറഞ്ഞതും ഹോട്ടലുകൾ അടച്ചുപൂട്ടുന്നതും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ശ്രീനിവാസന്റെ തിരക്കഥയിൽ പിറന്ന ‘സന്ദേശം’ സിനിമയിലെ സഖാവ് കോട്ടപ്പള്ളി പ്രഭാകരന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോകത്തിന്റെ ഏത് കോണിൽ സംഭവിക്കുന്ന കാര്യങ്ങളും മനുഷ്യനെ ബാധിക്കുമെന്ന ഗൗരവകരമായ സത്യം തമാശ കലർത്തി അവതരിപ്പിച്ച ആ രംഗം ഇന്നത്തെ സാഹചര്യത്തിൽ വലിയ പ്രസക്തി നേടുകയാണ്.
“മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ”
സിനിമയിൽ അനിയൻ പ്രകാശനുമായുള്ള തർക്കത്തിനിടെ നിക്കാരഗ്വയിലെയും റുമേനിയയിലെയും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന കോട്ടപ്പള്ളിയോട്, “ഇവിടുത്തെ കാര്യം പറയുമ്പോൾ എന്തിനാണ് അന്താരാഷ്ട്രത്തിലേക്ക് ഓടുന്നത്?” എന്ന് പ്രകാശൻ ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി കോട്ടപ്പള്ളി പറയുന്ന “മനുഷ്യന്റെ കഥ എല്ലായിടത്തും ഒന്നാണെടാ” എന്ന വരിയാണ് ഇപ്പോൾ ട്രോളുകളായും കുറിപ്പുകളായും പ്രചരിക്കുന്നത്. ഹോർമുസിലെ യുദ്ധം കേരളത്തിലെ അടുക്കളകളെ ബാധിക്കുമ്പോൾ, പതിറ്റാണ്ടുകൾക്ക് മുൻപ് ശ്രീനിവാസൻ എഴുതിയ ആ വരികളിലെ ദീർഘവീക്ഷണമാണ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നത്.
Also Read: ഇതിഹാസങ്ങൾ ഒന്നിക്കുന്ന ‘പേട്രിയറ്റ്’; ആദ്യ ഗാനം ‘കാറ്റ് തൊട്ടപ്പോൾ’ ഇന്ന് പുറത്തിറങ്ങും
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ‘സന്ദേശം’ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രമായി തുടരുന്നു. ‘അപ്പൊ പുരിയലേ, ഇപ്പൊ പുരിയിത്’ എന്ന തമിഴ് ഹിറ്റ് ഡയലോഗ് ചേർത്താണ് പലരും കോട്ടപ്പള്ളിയുടെ വീഡിയോ പങ്കുവെക്കുന്നത്. ശ്രീനിവാസന്റെ തിരക്കഥയിലെ പ്രതിഭയെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. ലോകരാഷ്ട്രീയവും പ്രാദേശിക ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഇത്രത്തോളം ലളിതമായും ഹാസ്യാത്മകമായും അവതരിപ്പിച്ച മറ്റൊരു ചിത്രം മലയാളത്തിലില്ലെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അടിവരയിടുന്നു.






