ഡൽഹി: ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജ സന്ദേശങ്ങൾ ഇ-മെയിൽ ആയി അയച്ച വിദ്യാർത്ഥിക്ക് കുടുംബത്തിലെ ഒരു അംഗത്തിൽ നിന്ന് സഹായം ലഭിച്ചിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.
സന്നദ്ധ സംഘടനാ പ്രവർത്തകനാണ് വിദ്യാർത്ഥിയെ സഹായിച്ചത് എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അഫ്സൽ ഗുരുവിന്റെ വധശിക്ഷയടക്കം എതിർത്തിരുന്നു. ഈ സംഘടനക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.
Also Read: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; ഡൽഹി മുഖ്യമന്ത്രിക്കെതിരെ പരാതി
ഒരു വിദ്യാർത്ഥിക്ക് 400 മെയിലുകൾ അയക്കാൻ കഴിയില്ലായെന്നും കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. എന്നാൽ സന്നദ്ധ സംഘടനയുടെയോ, രാഷ്ട്രീയ പാർട്ടിയുടേയോ പേര് ഇതുവരെ ഡൽഹി പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഡൽഹിയിൽ നിരവധി സ്‌കൂളുകളിലേക്ക് പരീക്ഷ ഒഴിവാക്കാൻ വേണ്ടി പ്ലസ്ടു വിദ്യാർത്ഥിയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്. എന്നാൽ കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതിലൂടെയാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. 6 തവണയാണ് പല സ്കൂളുകൾക്കായി വിദ്യാർത്ഥി വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത്.