‘ഹിന്ദി ഔദ്യോഗിക ഭാഷ മാത്രം’: ആർ. അശ്വിൻ

ഹിന്ദി ഔദ്യോഗിക ഭാഷയാണെന്നും ദേശീയ ഭാഷയല്ലെന്നും അശ്വിൻ വ്യക്തമാക്കി

‘ഹിന്ദി ഔദ്യോഗിക ഭാഷ മാത്രം’: ആർ. അശ്വിൻ
‘ഹിന്ദി ഔദ്യോഗിക ഭാഷ മാത്രം’: ആർ. അശ്വിൻ

ചെന്നൈ: ദേശീയ ഭാഷ വിവാദത്തിനിടെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗിക ഭാഷ മാത്രമാണെന്നുമാണ് താരം പറഞ്ഞത്. ചെന്നൈയിൽ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിന്‍റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

വേദിയിൽ സംസാരിക്കുന്നതിനിടെ, എത്ര പേർക്ക് ഇംഗ്ലീഷും തമിഴും ഹിന്ദിയും മനസ്സിലാകുമെന്ന് താരം വിദ്യാർത്ഥികളോട് ചോദിച്ചു. ഏതാനും കുട്ടികൾ മാത്രമാണ് ഇംഗ്ലീഷ് മനസ്സിലാകുമെന്ന് മറുപടി പറഞ്ഞത്. എത്ര പേർക്ക് ഹിന്ദി അറിയാമെന്ന് ചോദിച്ചപ്പോഴും വിദ്യാർത്ഥികളിൽ നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. അതേസമയം, തമിഴ് അറിയുമോ എന്ന ചോദ്യത്തിന് വിദ്യാർത്ഥികൾ വലിയ ശബ്ദത്തോടെയാണ് മറുപടി നൽകിയത്. പിന്നാലെയാണ് ഹിന്ദി ഔദ്യോഗിക ഭാഷയാണെന്നും ദേശീയ ഭാഷയല്ലെന്നും അശ്വിൻ വ്യക്തമാക്കിയത്.

Also Read: യുവരാജ് സിംഗിനെ മാറ്റി നിർത്തിയത് കോഹ്‌ലി ; ആരോപണവുമായി റോബിൻ ഉത്തപ്പ

അതേസമയം ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹിന്ദി, രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഭാഷയാണെന്നുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കിടെ അപ്രതീക്ഷിതമായാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

അനിൽ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ് അശ്വിൻ. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരവും അശ്വിൻ തന്നെ.106 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽ നിന്ന് 156 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Share Email
Top