പെരുമഴയ്ക്ക് പിന്നാലെ ഉയർന്ന തിരമാല; കേരള തീരത്ത് ജാഗ്രത നിർദ്ദേശം

പെരുമഴയ്ക്ക് പിന്നാലെ ഉയർന്ന തിരമാല; കേരള തീരത്ത് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴ തുടരുന്നതിനിടെ ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നാളെ രാത്രി 11.30 വരെ കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ നാളെ രാത്രി 11.30 വരെ 0.6 മുതൽ 4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും വേഗത സെക്കൻഡിൽ 22 cm നും 83 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല.

മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും തീരദേശ നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top