കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ബോർഡിന്റെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയില്ലെന്നും അക്കൗണ്ടിംഗ് സംവിധാനങ്ങളിലെ വീഴ്ചകൾ ഒറ്റപ്പെട്ടതല്ലെന്നും കോടതി നിരീക്ഷിച്ചു. വിജയൻ അസോസിയേറ്റ്‌സ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ.
ബാങ്ക് സ്റ്റേറ്റ്‌മെന്റുകളിലെ പൊരുത്തക്കേടുകൾ, രേഖകൾ കൃത്യമായി ഒത്തുനോക്കാൻ കഴിയാത്ത അവസ്ഥ, വീഴ്ച വരുത്തുന്ന ജീവനക്കാരെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം എന്നിവ ഓഡിറ്റർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2010-ന് മുൻപുള്ള ആസ്തികളുടെ മൂല്യനിർണ്ണയത്തിലും കരാറുകാർക്ക് നൽകുന്ന തുകയിലടക്കം ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. നികുതി ബാധ്യത, സ്റ്റോക്ക് വിവരങ്ങൾ എന്നിവയിലെ അവ്യക്തതയും ക്ഷേത്രോപദേശക സമിതികൾ പാൻ കാർഡ് വിവരങ്ങൾ രേഖപ്പെടുത്താത്തതും വീഴ്ചയുടെ ആഴം കൂട്ടുന്നു. ഭൂമി ഉൾപ്പെടെയുള്ള സംഭാവനകളുടെ മൂല്യം കൃത്യമായി കണക്കാക്കുന്നില്ലെന്നും വരവ്-ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.





