സിദ്ധാര്‍ത്ഥന്റെ മരണത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ 15 പ്രതികളുടെ ജാമ്യാപേക്ഷയില്‍ അമ്മയെയും കക്ഷി ചേര്‍ത്ത് ഹൈക്കോടതി. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ പ്രത്യേകം ഉപഹര്‍ജികള്‍ അംഗീകരിച്ചാണ് അവധിക്കാല ബെഞ്ചിന്റെ നടപടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 15 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി.

അവധിക്കാലത്തിന് ശേഷം പുതിയ ബെഞ്ച് ജാമ്യാപേക്ഷകളില്‍ വിശദമായ വാദം കേള്‍ക്കും. സിദ്ധാര്‍ത്ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ലെന്നാണ് എംആര്‍ ഷീബയുടെ ഉപഹര്‍ജിയിലെ ആക്ഷേപം. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും പ്രതികളുടെ പങ്ക് വ്യക്തമാണ്. അതിക്രൂരമായ ആക്രമണമാണ് മകന്‍ സിദ്ധാര്‍ത്ഥന്‍ നേരിട്ടത്. വൈദ്യസഹായം പോലും നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. തുടരന്വേഷണം വേണമെന്ന കാര്യം അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളണമെന്നാണ് എം ആര്‍ ഷീബയുടെ വാദം. റാഗിംഗ്, ആത്മഹത്യാ പ്രേരണക്കുറ്റം, മര്‍ദ്ദനം, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സിബിഐ ചുമത്തിയത്. കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ പ്രാഥമിക കുറ്റപത്രവും നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ പ്രത്യേകം ഉപഹര്‍ജികള്‍ എല്ലാം അംഗീകരിച്ചാണ് അവധിക്കാല സിംഗിള്‍ ബെഞ്ചിന്റെ നടപടി. 15 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഓരോ ജാമ്യാപേക്ഷയിലും പ്രത്യേകം വാദം കേള്‍ക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ച ഹൈക്കോടതി ജാമ്യാപേക്ഷ ഈ മാസം 22ന് പരിഗണിക്കാനാണ് മാറ്റിയത്.

Top