മൾട്ടി പ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക്; ഹര്‍ജിക്ക് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ്

പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം

മൾട്ടി പ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക്; ഹര്‍ജിക്ക് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ്
മൾട്ടി പ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക്; ഹര്‍ജിക്ക് പിന്നാലെ സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സംസ്ഥാനത്തെ മൾട്ടി പ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് തടയണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

രാജ്യത്ത് പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. പൊതുസമൂഹത്തെ സാമ്പത്തിക ചൂഷണം ചെയ്യുന്നത് തടയാന്‍ നിയമം അനിവാര്യമാണെന്നും മള്‍ട്ടി പ്ലക്സുകളില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന് തെലങ്കാന, കര്‍ണാടക സര്‍ക്കാര്‍ നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

Also Read: അനന്തുവിന്‌റെ മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കേരളത്തില്‍ ഒരു സിനിമയ്ക്ക് ഒരു ദിവസം തന്നെ പല ടിക്കറ്റ് നിരക്ക് ഈടാക്കുന്നുണ്ട്. സിനിമാ റിലീസിന് അടുത്ത ദിവസങ്ങളിലും അവധി ദിവസങ്ങളിലും കുത്തനെ നിരക്ക് കൂട്ടുന്നു. കര്‍ണാടകയില്‍ പരമാവധി 200 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ കേരളത്തില്‍ ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ റിക്ലൈനര്‍ സീറ്റുകള്‍ക്ക് 1,400 രൂപ വരെ ഈടാക്കുന്നു. എമ്പുരാന്‍ സിനിമയ്ക്ക് 1200 രൂപ വരെ പല തീയറ്ററുകളും ഈടാക്കി. 25 ശതമാനം സീറ്റുകള്‍ നോണ്‍ പ്രീമിയം ആക്കുന്നതാണ് 2022ലെ ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹര്‍ജിയില്‍ പറയുന്നു.

1958ലെ കേരള സിനിമാ നിയന്ത്രണ നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും സമയ ബന്ധിതമായി ടിക്കറ്റ് നിരക്കുകളില്‍ കാപ്പിംഗ് ഏര്‍പ്പെടുത്തണമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. കോട്ടയം തിരുവാര്‍പ്പ് സ്വദേശി മനു നായര്‍ ജിയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം ഫിക്കി – മള്‍ട്ടി പ്ലക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, പിവിആര്‍ ഇനോക്സ്, സിനി പോളിസ് തുടങ്ങിയവരും എതിര്‍ കക്ഷികളാണ്.

Share Email
Top