തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കം എങ്ങനെ പരിഹരിക്കുമെന്നതില്‍ തലപുകഞ്ഞ് ഹൈക്കമാന്‍ഡ്. കേരളത്തിലെ നേതാക്കളോട് തന്നെ അഭിപ്രായം തേടുകയാണ് പുതിയ പദ്ധതി. നേതാക്കളെ ഒന്നിച്ചിരുത്താന്‍ എന്ത് ചെയ്തിട്ടും ഒന്നും നടക്കുന്നില്ല. 2026ല്‍ അധികാര കസേര ലക്ഷ്യമിടുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ ആദ്യം തിരുത്തിയത് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയാണ്. ആദ്യം 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നു ശാസന. ഐക്യകാഹളം മുഴക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ ഐക്യം കൂടുതല്‍ അകലെയായി. ഐക്യം വേണമെന്ന് പറഞ്ഞ യോഗത്തില്‍ നേതാക്കള്‍ പരസ്പരം തർക്കിച്ചു. യോഗ വിവരങ്ങള്‍ പുറത്തു പോയത് ഐക്യത്തെ ബാധിച്ചു. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ഒന്നിച്ചൊരു വാര്‍ത്താസമ്മേളനം യോഗ തീരുമാനമായിരുന്നു. പിറ്റേദിവസം തന്നെ നടത്തുമെന്ന് പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനം ഇതുവരെയും നടത്താനായില്ല. ഇനിയെന്നെന്ന് നേതാക്കള്‍ക്കും അറിയില്ല.
നേതാക്കളെ വിരട്ടാന്‍ നോക്കിയ ഹൈക്കമാന്‍ഡ് ഇപ്പോള്‍ അയഞ്ഞ മട്ടാണ്. നിങ്ങള്‍ തന്നെ കാര്യങ്ങള്‍ തീരുമാനിക്കൂ എന്നതാണ് ഹൈക്കമാന്‍ഡ് ലൈന്‍. നേതാക്കളുടെ മനസ്സില്‍ എന്താണെന്ന് അറിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേരിട്ടിറങ്ങി. ഓരോരുത്തരെയും കണ്ട് അഭിപ്രായം ശേഖരിച്ചു. കണ്ടവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോന്നാണഭിപ്രായം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പേ പുനസംഘടന ഉണ്ടായേക്കും. കെ.പി.സി.സി അധ്യക്ഷനെ ഉള്‍പ്പെടെ മാറ്റിയുള്ള പുനഃസംഘടനയകുമോ എന്നതാണ് ആകാംക്ഷ.