സംസ്ഥാനത്ത് കനത്ത ജാഗ്രത: മഴക്കാലത്തിനൊപ്പം എലിപ്പനി ഭീഷണിയും; ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

എന്നാൽ എലികൾക്ക് പുറമേ അണ്ണാൻ, പശു, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ മൂത്രവും വിസർജ്യവും കലർന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവർക്കും ഈ രോഗം പിടിപെടാൻ സാധ്യതയേറെയാണ്

സംസ്ഥാനത്ത് കനത്ത ജാഗ്രത: മഴക്കാലത്തിനൊപ്പം എലിപ്പനി ഭീഷണിയും; ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം
സംസ്ഥാനത്ത് കനത്ത ജാഗ്രത: മഴക്കാലത്തിനൊപ്പം എലിപ്പനി ഭീഷണിയും; ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം

സംസ്ഥാനത്ത് മഴക്കാലം ശക്തമാകുന്നതോടെ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയ്‌ക്കൊപ്പം എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്) ഭീഷണിയും ഉയരുകയാണ്. ലെപ്‌ടോസ്‌പൈറ ജനുസ്സിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ ബാക്ടീരിയ മനുഷ്യരിൽ ഉണ്ടാക്കുന്ന മാരകമായ ഒരു ജന്തുജന്യ രോഗമാണിത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെയാണ് ഈ രോഗാണുക്കൾ പുറത്തുവരുന്നത്. എന്നാൽ എലികൾക്ക് പുറമേ അണ്ണാൻ, പശു, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ മൂത്രവും വിസർജ്യവും കലർന്ന വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവർക്കും ഈ രോഗം പിടിപെടാൻ സാധ്യതയേറെയാണ്. മനുഷ്യശരീരത്തിലെ ചെറിയ മുറിവുകളിൽക്കൂടിയോ കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയോ ആണ് ഈ രോഗാണുക്കൾ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്.

എലിപ്പനിയുടെ പ്രധാന രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയും വിറയലുമാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഇതിനൊപ്പം കഠിനമായ തലവേദന, പേശീവേദന (പ്രത്യേകിച്ച് കാൽമുട്ടിന് താഴെയും നടുവിലും), കണ്ണിന് ചുവപ്പുനിറം എന്നിവയും അനുഭവപ്പെടാം. രോഗം ഗുരുതരമാകുന്നതോടെ മഞ്ഞപ്പിത്തം ബാധിച്ച് ത്വക്കിനും കണ്ണുകൾക്കും മഞ്ഞനിറം വരികയും മൂത്രം കടുത്ത മഞ്ഞനിറത്തിൽ പോവുകയും ചെയ്യും. ശക്തമായ പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണമോ, വിശപ്പില്ലായ്മ, മനംമറിച്ചിൽ, ഛർദ്ദി, വയറുവേദന, വയറ്റിളക്കം, ത്വക്കിൽ ചുവന്ന പാടുകൾ എന്നിവയോ കണ്ടാൽ എലിപ്പനിയാണെന്ന് സംശയിക്കേണ്ടതാണ്.

Also Read: മാമ്പഴക്കാലമാണ്, പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടാകും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ആന്തരാവയവങ്ങളെ ബാധിക്കുന്ന ഗുരുതരാവസ്ഥ

ശരീരത്തിലെ പ്രധാന ആന്തരാവയവങ്ങളായ കരൾ, ശ്വാസകോശം, വൃക്കകൾ, ഹൃദയം, മസ്തിഷ്കം എന്നിവയെ ബാധിക്കുമ്പോഴാണ് എലിപ്പനി മാരകമായി മാറുന്നത്. രോഗബാധ കരളിനെ ബാധിക്കുമ്പോൾ മഞ്ഞപ്പിത്തം തീവ്രമാകുന്നു. വൃക്കകളെ ബാധിക്കുന്നതോടെ മൂത്രത്തിന്റെ അളവ് ഗണ്യമായി കുറയുക, രക്തം കലർന്ന മൂത്രം പോവുക, കാലുകളിൽ നീരുണ്ടാവുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ചില രോഗികളിൽ ആന്തരിക രക്തസ്രാവം ഉണ്ടാകാനും ഇത് കാരണമാകുന്നു.

രോഗപ്പകർച്ച തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലത്ത് മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ശുചീകരണ തൊഴിലാളികൾ, കർഷകർ, സന്നദ്ധ പ്രവർത്തകർ എന്നിവർ കയ്യുറ, മുട്ടുവരെയുള്ള പാദരക്ഷകൾ (ഗംബൂട്ട്), മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപാധികൾ നിർബന്ധമായും ഉപയോഗിക്കണം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. ഏതെങ്കിലും സാഹചര്യത്തിൽ മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ഉടൻ തന്നെ കൈകളും കാലുകളും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം. മലിനജലവുമായി തുടർച്ചയായി സമ്പർക്കം വരുന്ന കാലയളവിൽ, ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലീഗ്രാമിന്റെ രണ്ട് ഗുളികകൾ) പ്രതിരോധ മരുന്നായി കഴിക്കേണ്ടതാണ്. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുത്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം നിർബന്ധമായും ഡോക്ടറെ കൺസൾട്ട് ചെയ്ത് മാത്രം രോഗനിർണ്ണയം നടത്തുക.

Share Email
Top