കോപ്പ ദെ ബ്രസീൽ പ്രീ-ക്വാർട്ടറിൽ റെമോയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി സാന്‍റോസ് ക്വാർട്ടറിലെത്തിയെങ്കിലും, മത്സരശേഷമുണ്ടായ സംഭവവികാസങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ പെരുമാറ്റമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം.
മത്സരത്തിലുടനീളം റെമോയുടെ ഹോം ഗ്രൗണ്ടിലെ ഗാലറിയിൽ നിന്ന് നെയ്മർക്കെതിരെ കടുത്ത കൂവലുകളും അധിക്ഷേപങ്ങളും ഉയർന്നിരുന്നു. ഇത് താരത്തെ ചൊടിപ്പിച്ചു. മത്സരം അവസാനിച്ചതിന് പിന്നാലെ മിക്സഡ് സോണിലൂടെ മടങ്ങവേ, എതിർ ടീം ആരാധകരെയും ഉദ്യോഗസ്ഥരെയും നോക്കി ടൂർണമെന്‍റിൽ നിന്ന് “പുറത്തായി… പുറത്തായി…” എന്ന് നെയ്മർ അലറിവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Also Read:എതിരാളികളെ വിറപ്പിച്ച് കളം വാഴുന്ന ആ അഞ്ച് പേർ! ഏറ്റവും പുതിയ ഐ.സി.സി ടി20 ബോളിംഗ് റാങ്കിംഗ് പുറത്ത്
ഈ സംഭവത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് റെമോ പ്രസിഡന്‍റ് ആന്‍റണിയോ കാർലോസ് ടെക്സീറ പ്രതികരിച്ചത്. സാന്‍റോസിന് ജയിക്കാൻ ഇങ്ങനെയുള്ള ചീപ്പ് കളികളുടെ ആവശ്യമില്ലെന്നും, കൊച്ചുകുട്ടികൾ വരെ ആരാധിക്കുന്ന നെയ്മർ ഇവിടെ വന്ന് കോമാളിത്തരം കാണിക്കുകയും പ്രകോപിപ്പിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവനെപ്പോലൊരു തെമ്മാടിയെ ആരാധിക്കുന്നതിന് നമ്മളെത്തന്നെ വേണം കുറ്റം പറയാൻ എന്നും അദ്ദേഹം തുറന്നടിച്ചു.
ഇത്തരം വിവാദങ്ങൾ പുകയുമ്പോഴും സാന്‍റോസുമായുള്ള തന്‍റെ കരാർ ഡിസംബറിൽ അവസാനിക്കാനിരിക്കെ സ്വന്തം ഭാവിയെക്കുറിച്ച് ഇപ്പോഴും ഉറപ്പില്ലെന്ന് നെയ്മർ വെളിപ്പെടുത്തി. തൽക്കാലം കരാർ പൂർത്തിയാക്കുക മാത്രമാണ് ലക്ഷ്യമെന്നും, അതിനുശേഷം സാന്‍റോസിൽ തുടരണമോ, മറ്റ് ക്ലബ്ബിലേക്ക് മാറണമോ അതോ ഫുട്ബോളിൽ നിന്ന് വിരമിക്കണമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഒരു യൂട്യൂബ് ചാനലിലൂടെ താരം വ്യക്തമാക്കി.





