ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് 2026 ഏപ്രിലിൽ മികച്ച വിൽപനക്കണക്കുകൾ രേഖപ്പെടുത്തി. ഈ കാലയളവിൽ 566,000 യൂണിറ്റുകൾ വിറ്റഴിച്ച കമ്പനി, മുൻ വർഷത്തെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് നടത്തിയത്. കോവിഡ് കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനമാണ് പെട്രോൾ വാഹന വിഭാഗത്തിൽ ദൃശ്യമായത്. എൻട്രി ലെവൽ മുതൽ പ്രീമിയം സ്കൂട്ടറുകൾക്ക് വരെ ഡിമാൻഡ് വർദ്ധിച്ചതോടെ ഈ വിഭാഗത്തിൽ വിൽപന ഏകദേശം 83 ശതമാനം ഉയർന്നു.
കമ്പനിയുടെ ഇലക്ട്രിക് ബ്രാൻഡായ ‘വിഡ’യുടെ ഡിമാൻഡിലും ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ വിഡയുടെ കയറ്റുമതി ഇരട്ടിയിലധികമായി. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായി സഹകരിച്ച് ‘സിക്സ് ഫോർ സിക്സി’ എന്ന ക്യാമ്പയ്‌നും കമ്പനി ആരംഭിച്ചു. ടീം ഓരോ സിക്‌സർ അടിക്കുമ്പോഴും ഓരോ 6kW ഫാസ്റ്റ് ചാർജർ സ്ഥാപിക്കുമെന്നാണ് ഹീറോയുടെ വാഗ്ദാനം. കൂടാതെ ‘റൈഡ് ജിത്‌ന, പേ ഉത്‌ന’ എന്ന കാമ്പെയ്‌നിലൂടെ ബാറ്ററി-ആസ്-എ-സർവീസ് മോഡലിനും കമ്പനി പ്രചാരണം നൽകുന്നു.
Also Read:സീറ്റുകളേക്കാൾ ഇരട്ടി യാത്രക്കാർ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ട്രെയിനായി പരശുറാം എക്‌സ്പ്രസ്!
മറ്റൊരു പ്രധാന നേട്ടമായി വിഡ സ്കൂട്ടർ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചു. ഒരു ഉപഭോക്താവ് വിഡ വിഎക്‌സ്2 സ്കൂട്ടറിൽ വിവിധ നഗരങ്ങളിലൂടെ 10,500 കിലോമീറ്റർ യാത്ര പൂർത്തിയാക്കിയതാണ് ഈ റെക്കോർഡിന് അർഹമാക്കിയത്. വിപണി വിപുലീകരണത്തിന്റെ ഭാഗമായി യുവാക്കളെ ആകർഷിക്കാൻ ഇഷാൻ ഖട്ടറെ ബ്രാൻഡ് അംബാസഡറാക്കി ഹീറോ സൂം സ്കൂട്ടറിനായി പുതിയ കാമ്പെയ്ൻ കമ്പനി പുറത്തിറക്കി. രാജ്യാന്തര തലത്തിൽ ഇക്വഡോറിലെ സാന്നിധ്യം ശക്തമാക്കാൻ ക്വിൽമോട്ടേഴ്‌സുമായുള്ള പങ്കാളിത്തവും കമ്പനി ഉറപ്പിച്ചു.






