ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു പച്ചക്കറിയാണ് ശീമച്ചക്ക അഥവ കടച്ചക്ക. കടച്ചക്ക തോരനും, തീയലുമെല്ലാം മലയാളികളുടെ ഇഷ്ട്ട വിഭവങ്ങളാണ്. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ്ക്ക് സഹായകരമാണ് കടച്ചക്ക. ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു. കടച്ചക്ക വറുത്തത് നിങ്ങൾ കഴിച്ചിട്ടുണ്ടോ?. കടച്ചക്ക ഉണ്ടെങ്കിൽ നല്ല ക്രിസ്പിയായി ഫ്രൈ ചെയ്തോളൂ. ഇനി ചായക്കൊപ്പം കറുമുറെ കഴിക്കാൻ മറ്റൊന്നും വേണ്ട.
ചേരുവകൾ
കടലമാവ്
അരിപ്പൊടി
മുളകുപൊടി
കായം
ഉപ്പ്
വെള്ളം
ജീരകം
എണ്ണ
Also Read: ഞൊടിയിടയിൽ കൊതിയൂറും ചക്കപ്പഴം ഉണ്ണിയപ്പം തയ്യാറാക്കിയാലോ?
തയ്യാറാക്കുന്ന വിധം
കടച്ചക്ക തൊലി കളഞ്ഞു വൃത്തിയാക്കിയത് കട്ടി കുറച്ച് ചെറിയ കഷ്ണങ്ങളക്കി മുറിച്ച് വെള്ളത്തിൽ അഞ്ചു മിനിറ്റ് കുതിർത്തു വെയ്ക്കാം. ഇതേ സമയം ബൗളിലേയ്ക്ക് ഒരു കപ്പ് കടലമാവ്, ഒരു കപ്പ് അരിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ കായപ്പൊടി, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് ഒന്നേകാൽ കപ്പ് വെള്ളം കൂടി ഒഴിച്ചിളക്കാം. ഇതിലേയ്ക്ക് കാൽ ടീസ്പൂൺ ജീരകം ചതച്ചതു കൂടി ചേർത്തിളക്കാം. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. അരിഞ്ഞു വെച്ച കടച്ചക്ക കഷ്ണങ്ങൾ നന്നായി വെള്ളം കളഞ്ഞെടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേയ്ക്ക് കടച്ചക്ക കഷ്ണങ്ങൾ ചേർത്തിളക്കാം. ചൂടായ എണ്ണയിലേയ്ക്ക് കടച്ചക്ക കഷ്ണങ്ങൾ ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് വറുത്തെടുക്കാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.