ഡല്‍ഹി: ഹേമാ കമ്മിറ്റിക്ക് മുന്‍പാകെ മൊഴിനല്‍കിയവരെ പ്രത്യേക അന്വേഷണസംഘം( എസ്.ഐ.ടി.) പീഡിപ്പിക്കുന്നതായി തോന്നിയാല്‍ ഹൈക്കോടതിയില്‍ അറിയിക്കാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. തെളിവും രേഖകളുമില്ലാതെയാണോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതെന്ന് ഹൈക്കോടതിക്ക് പരിശോധിക്കാം. എസ്.ഐ.ടി. മുന്‍പാകെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്നും ഹൈക്കോടതി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാവ് സജിമോന്‍ പാറയില്‍, നടി മാലാ പാര്‍വതി, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സി.ജെ. ജൂലി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
Also Read: ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും പരിഹസിച്ച് ഒമർ അബ്ദുള്ള
അതേസമയം മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ തന്നെ പോലീസിന് കേസെടുത്ത് അന്വേഷിക്കാവുന്ന ഗുരുതര കുറ്റകൃത്യം (കൊഗ്നിസിബിള്‍ ഒഫെന്‍സ്) നടന്നുവെന്ന് വിവരം ലഭിച്ചാല്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 176-ാംവകുപ്പ് പ്രകാരം നടപടികള്‍ സ്വീകരിക്കണം. നിയമപരമായി നീങ്ങുന്ന പോലീസിനെ തടയാനുള്ള നിര്‍ദേശം ഇറക്കാനാവില്ലെന്നും കോടതി പറഞ്ഞു.