കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് നടി മാല പാര്‍വതി ഉള്‍പ്പെടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍. കേസിൽ മൊഴിയാണ് നൽകിയതെന്നും പരാതിയല്ല നൽകിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ താത്പര്യമില്ലെന്നും കമ്മറ്റിയുടെ മുന്നിലാണ് മൊഴി നൽകിയതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. താത്പര്യമില്ലാത്തവരുടെ മൊഴിയടുക്കാൻ നിർബന്ധിക്കേണ്ടതില്ലെന്ന് കോടതിയും വ്യക്തമാക്കി. കേസ് ഡിസംബർ 19 ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചു.
അതേ സമയം, ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം ചോദ്യം ചെയ്ത് സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരാൻ മറ്റൊരു നടി കൂടി അപേക്ഷ നൽകിയിരുന്നു. മൊഴിയിൽ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും എസ്ഐടി ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹർജിയിൽ പറയുന്നു. നേരത്തെ നടി മാലാ പാർവ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ റെഡ് അലർട്ട്
ഹേമ കമ്മറ്റിയിൽ മൊഴി നൽകിയപ്പോൾ എല്ലാ കാര്യങ്ങളും രഹസ്യമായിയിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ തൻ്റെ സ്വകാര്യതയെ കുറിച്ച് ആശങ്കയുണ്ട്. ഹേമ കമ്മിറ്റിയുടെ നടപടികൾ പരിപൂർണ്ണതയിൽ എത്തണം എന്നാണ് ആഗ്രഹമെന്നും നടി വ്യക്തമാക്കി. അഭിഭാഷക ലക്ഷ്മി എൻ കൈമളാണ് നടിക്കായി ഹർജി ഫയൽ ചെയ്തത്.