മദ്യലോബിയെ സഹായിക്കാൻ നടത്തിയ ഇടപാട് പുറത്തായതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ കള്ളങ്ങൾ പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. അവാസ്തവങ്ങളും അസത്യങ്ങളുമാണ് മുഖ്യമന്ത്രി ജനങ്ങളോട് വിളിച്ചുപറയുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
വിവാദമായ ഫയലിന്റെ നീക്കങ്ങളിൽ വലിയ ദുരൂഹതകളുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മെയ് 21-ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയൽ ജൂൺ 14 വരെ, ഏകദേശം 24 ദിവസത്തോളം അദ്ദേഹം പൂഴ്ത്തിവെച്ചു. ഇത്രയും കാലം ഈ ഫയൽ കൈവശം വെച്ചിട്ടും സ്വന്തം പാർട്ടിയുമായോ മുന്നണിയുമായോ ചർച്ച ചെയ്യാൻ അദ്ദേഹം തയ്യാറായില്ല. ആരും അറിയരുതെന്ന മുഖ്യമന്ത്രിയുടെ ഈ നിർബന്ധബുദ്ധിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങളുണ്ടെന്ന് എം.ബി. രാജേഷ് ആരോപിച്ചു.
പ്രതിപക്ഷം ഈ വിഷയം പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ സ്വന്തം പാർട്ടിക്കും മുന്നണിക്കും പോലും ഈ നീക്കം അറിയാൻ കഴിയില്ലായിരുന്നു. എക്സൈസ് മന്ത്രിയെ പോലും വിശ്വാസത്തിലെടുക്കാതെ, പാർട്ടിയെയും മുന്നണിയെയും പൂർണ്ണമായും ഇരുട്ടിൽ നിർത്തിയാണ് ഇത്തരം തീരുമാനങ്ങൾ മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ബജറ്റിന് തൊട്ടുമുമ്പ് ഇത്തരമൊരു തീരുമാനം ആരും അറിയാതെ നടപ്പിലാക്കാനാണ് ശ്രമിച്ചത്. ജനങ്ങളെ ഇനിയും വിഡ്ഢികളാക്കി എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ മദ്യത്തിന് നികുതി കുറയ്ക്കാൻ നീക്കം തുടങ്ങിയെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് രാജേഷ് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവചനം വ്യക്തമാക്കാൻ മാത്രമാണ് അന്ന് നിർദ്ദേശിച്ചിരുന്നത്, അതിൽ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ഒരക്ഷരം പോലുമില്ല. എൽഡിഎഫ് മദ്യനയത്തിന്റെ ഭാഗമായി സുതാര്യമായാണ് ആ നിർവചന പരിശോധന നടന്നത്. എന്നാൽ നികുതി കുറയ്ക്കാൻ എൽഡിഎഫ് തീരുമാനിക്കുകയും പിന്നീട് തെരഞ്ഞെടുപ്പ് ഭയന്ന് പിന്മാറുകയും ചെയ്തുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം വസ്തുതാവിരുദ്ധമാണ്. ഈ പച്ചക്കള്ളത്തിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീര്യം കുറഞ്ഞ മദ്യം അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം 2023 ജനുവരിയിൽ ഗസറ്റിൽ വന്നതിനുശേഷം മൂന്ന് വർഷവും അഞ്ച് മാസവും ആ ഫയലിൽ യാതൊരു നടപടിയും ഉണ്ടായില്ല. എൽഡിഎഫ് ഇതിനായി അവസാനം വരെ ശ്രമിച്ചു എന്നത് തെറ്റായ പ്രചാരണമാണെന്നും ഇത്തരം നുണകൾ പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.





