യാത്രക്കാരുടെ തിരക്ക് വർധിച്ചതിനെ തുടർന്ന് ദുബായ്-അബുദാബി റൂട്ടിൽ ഇത്തിഹാദ് റെയിൽ അധിക സർവീസുകൾ പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസങ്ങളിലെ വൻ തിരക്ക് കണക്കിലെടുത്ത് ഇന്നും നാളെയുമായി ആറ് പുതിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതിലൂടെ രണ്ടായിരത്തിലധികം അധിക സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാകും.
ടിക്കറ്റ് വിൽപന തുടങ്ങി ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രീമിയം ക്ലാസ് സീറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നിരുന്നു. പുതിയ സർവീസുകൾ ആരംഭിച്ചതോടെ കൂടുതൽ ആളുകൾക്ക് യാത്രാസൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്ന് റെയിൽ അധികൃതർ വ്യക്തമാക്കി. ശരാശരി പത്ത് ദിവസം മുൻപ് തന്നെ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രവണതയാണ് ഇപ്പോൾ കണ്ടുവരുന്നത്.
സേവർ, വാല്യൂ, ഫ്ലെക്സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിരക്കുകളിൽ പ്രത്യേക ഇളവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ്, സ്റ്റേഷനുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മെട്രോ കണക്റ്റിവിറ്റിയുള്ളതിനാൽ ദുബായിലെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര എളുപ്പമാണ്.






