തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ( 07/07/2025 ) മുതൽ 11/07/2025 വരെയാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇന്ന് മുതൽ ബുധൻ വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മഹാരാഷ്ട്ര മുതൽ ഗോവ തീരം വരെ ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുവെന്നും മുന്നറിയിപ്പുണ്ട്.
Also Read: ചർച്ച പരാജയം; സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
പശ്ചിമ ബംഗാളിന് മുകളിലായും ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 -3 ദിവസങ്ങളിൽ ജാർഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് ഇവ നീങ്ങാൻ സാധ്യതയുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെയും ന്യൂനമർദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്.
കന്യാകുമാരി തീരത്ത്, നീരോടി മുതൽ ആരോക്യപുരം വരെ കള്ളക്കടൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. കടൽക്ഷോഭം, ഉയർന്ന തിരമാല, എന്നിവ ഉണ്ടായേക്കാം. മത്സ്യത്തൊഴിലാളികൾ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.






