തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും.
എറണാകുളം തൃശ്ശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. കോഴിക്കോട് മലപ്പുറം പാലക്കാട് ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണം. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളിൽ പൊതുജനങ്ങൾ അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. നദികളിലോ മറ്റ് ജലാശയങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.






