തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം ഇന്നും നാളെയും കണ്ണൂരും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തിയും ദുർബലമായി.
Also Read: ചുരുളികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; കാഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സ നൽകും
കേരളത്തിൽ അടുത്ത അഞ്ച ദിവസം നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ നാളെ വരെ 40 മുതൽ 5 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിൽ പൊതുവെ മുൻ ദിവസങ്ങളെ അപേക്ഷിച്ചു മഴ കുറയുമെന്നും ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.






