ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ കനത്ത മഴ രേഖപ്പെടുത്തി. 2022-ന് ശേഷം ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണിത്. ജിദ്ദയിലും പരിസരങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി, ഇത് സാധാരണ ജീവിതത്തെയും ഗതാഗതത്തെയും സാരമായി ബാധിച്ചു. വെള്ളക്കെട്ട് കാരണം പല റോഡുകളിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു.
അതേസമയം, 2022 നവംബർ 24-നാണ് ഇതിനുമുമ്പ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. അന്ന് ആറ് മണിക്കൂറിൽ 179 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇതിനിടെ, മദീനയിലും പരിസരങ്ങളിലും മിതമായ മഴ ലഭിച്ചതായും ഇത് കാലാവസ്ഥയെ കൂടുതൽ സുഖകരമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.






