ഒമാന്റെ വടക്കൻ പ്രവിശ്യകളിൽ വ്യാഴാഴ്ച മുതൽ ഏപ്രിൽ 12 ഞായറാഴ്ച വരെ കനത്ത കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ മൾട്ടിഹസാർഡ് ഏർലി വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. വടക്കൻ ഗവർണറേറ്റുകളിൽ വരും ദിവസങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും പലയിടങ്ങളിലും നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില പ്രദേശങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മഴയോടൊപ്പം തന്നെ ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുന്നതിനും സാധ്യതയുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.
Also Read: ഒമാൻ ടയർ ഫാക്ടറിയിൽ വൻ തീപിടിത്തം; മൂന്ന് പേർക്ക് പരിക്ക്
ഈ വർഷം ഏപ്രിൽ മാസത്തിൽ ഒമാനിലുടനീളം സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. മഴയോടൊപ്പം തന്നെ മിക്ക പ്രദേശങ്ങളിലും താപനില ഉയരാനും സാധ്യതയുണ്ട്. മെയ് മാസത്തിൽ സാധാരണ നിലയിലുള്ള മഴ പ്രതീക്ഷിക്കാമെങ്കിലും ചിലയിടങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാം. ജൂൺ മാസത്തോടെ വടക്കൻ ഗവർണറേറ്റുകളിൽ മഴ തുടരുമെങ്കിലും കിഴക്കൻ, തെക്കുകിഴക്കൻ തീരങ്ങളിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. വരും മാസങ്ങളിൽ ഒമാനിലുടനീളം ചൂട് വർധിക്കുമെന്നും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലായിരിക്കുമെന്നും കാലാവസ്ഥാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)






