ദുബായ്: യുഎഇയിൽ കനത്ത മൂടൽമഞ്ഞാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാവിലെ 9 മണി വരെയും ഈ സ്ഥിതി തുടരുമെന്നതിനാൽ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇന്ന് പുലർച്ചെ അബുദാബിയിലെ ഹബ്ഷാൻ, സായിദ് സിറ്റി, അൽ ഹംറ (അൽ ദഫ്ര മേഖല), അർജൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറവ് 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.