സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചവരെ അവധി

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചവരെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, കോഴിക്കോട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയില്‍ 40ഡിഗ്രി സെല്‍ഷ്യസ് വരെയും മറ്റു മൂന്ന് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാന്‍ സാധ്യത ഉണ്ട്.

കഴിഞ്ഞ 12 ദിവസത്തില്‍ 10 ദിവസവും പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഇന്നലെ സൂര്യഘാതമേറ്റ് രണ്ട് മരണങ്ങള്‍ സംസ്ഥാനത്ത് സംഭവിച്ചിരുന്നു. ചൂട് കൂടുന്നത് കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. അതിനിടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് വേനല്‍ മഴയും ലഭിച്ചേക്കും.

ഇതുള്‍പ്പടെ 12 ജില്ലകളില്‍ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് നല്‍കി. ആലപ്പുഴയില്‍ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയില്‍ 40°സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. സാധാരണയെക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ ആണിത്.

Top