ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സംഭവം; ഉപഭോക്താവിന് 1.3 ലക്ഷം രൂപ നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതിയുടെ നിർദേശം

2022 നവംബറിലാണ് പരാതിക്കാരൻ നിവ ബൂപയിൽ നിന്ന് കുടുംബത്തിനായി ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തത്

ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സംഭവം; ഉപഭോക്താവിന് 1.3 ലക്ഷം രൂപ നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതിയുടെ നിർദേശം
ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നിഷേധിച്ച സംഭവം; ഉപഭോക്താവിന് 1.3 ലക്ഷം രൂപ നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് കോടതിയുടെ നിർദേശം

ഇൻഷുറസ് ക്ലെയിം അന്യായമായി നിഷേധിച്ച ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടിയായി ഉപഭോക്തൃ കോടതിയുടെ സുപ്രധാന വിധി. പോളിസി എടുക്കുന്നതിന് മുൻപ് തന്നെ രോഗമുണ്ടായിരുന്നുവെന്ന് ആരോപിച്ച് ചികിത്സാ ചെലവ് നിഷേധിച്ച നിവ ബൂപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി പരാതിക്കാരന് 1.3 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ഹിമാചൽ പ്രദേശിലെ സോളൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

2022 നവംബറിലാണ് പരാതിക്കാരൻ നിവ ബൂപയിൽ നിന്ന് കുടുംബത്തിനായി ആരോഗ്യ ഇൻഷുറൻസ് പോളിസി എടുത്തത്. പിന്നീട് ഭാര്യക്ക് സ്തനാർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചണ്ഡീഗഡ് പിജിഐയിൽ ചികിത്സ തേടി. അഞ്ച് ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവായെങ്കിലും ഇൻഷുറൻസ് കമ്പനി ക്ലെയിം തള്ളുകയായിരുന്നു. 2021-ലെ ഒരു അൾട്രാസൗണ്ട് റിപ്പോർട്ട് ചൂണ്ടിക്കാട്ടി, പോളിസി എടുക്കുന്നതിന് മുൻപേ രോഗമുണ്ടായിരുന്നുവെന്നും ആ വിവരം മറച്ചുവെച്ചെന്നുമാണ് കമ്പനി വാദിച്ചത്.

Also Read:പെൻഷൻകാർക്ക് ഇനി ഇരട്ടി സന്തോഷം; സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ‘ഇപിഎഫ്ഒ 2.01’ പ്രവർത്തനം ആരംഭിച്ചു

എന്നാൽ, പരാതിക്കാരൻ മുൻകാല രോഗവിവരങ്ങൾ മറച്ചുവെച്ചുവെന്ന് തെളിയിക്കാൻ കമ്പനിക്ക് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്വതന്ത്രമായ അന്വേഷണമോ കൃത്യമായ തെളിവോ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ട സാഹചര്യത്തിൽ, ചികിത്സാ ചെലവായ 80,439 രൂപ പരാതി നൽകിയ ദിവസം മുതൽ 9 ശതമാനം പലിശ സഹിതം നൽകാൻ കോടതി ഉത്തരവിട്ടു. ഇതിനു പുറമെ, മാനസിക ബുദ്ധിമുട്ടുകൾക്കുണ്ടായ നഷ്ടപരിഹാരമായി 30,000 രൂപയും കോടതിച്ചെലവായി 20,000 രൂപയും കമ്പനി നൽകണം. 30 ദിവസത്തിനുള്ളിൽ വിധി നടപ്പിലാക്കാനാണ് കർശന നിർദേശം.

അർഹമായ ക്ലെയിമുകൾ നിഷേധിക്കുന്നത് സേവനത്തിലെ വീഴ്ചയായി കണക്കാക്കുമെന്ന് ഈ വിധി വീണ്ടും ഓർമ്മിപ്പിക്കുന്നു. മതിയായ രേഖകൾ ഉണ്ടായിട്ടും ഇൻഷുറൻസ് കമ്പനികൾ ക്ലെയിം നിരസിച്ചാൽ നിയമപരമായി ചോദ്യം ചെയ്യാനുള്ള അവകാശം ഉപഭോക്താക്കൾക്കുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സഹായത്തിനായി ദേശീയ ഉപഭോക്തൃ ഹെൽപ്പ്‌ലൈൻ നമ്പറായ 1915-ൽ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top