പെർത്ത്: ആദ്യ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ ആസ്ട്രേലിയക്കായി ട്രാവിസ് ഹെഡ് ഒറ്റക്ക് പൊരുതുന്നു. നാലാം ദിനം 12ന് മൂന്ന് എന്ന നിലയിൽ കളി ആരംഭിച്ച ആസ്ട്രേലിയക്ക് ഉസ്മാൻ ഖവാജയെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്നു. 17 റൺസിൽ ടീം സ്കോർ നിൽക്കെ താരത്തെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ പന്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. പിന്നീടെത്തിയ ട്രാവിസ് ഹെഡ് പക്ഷെ തോൽവി സമ്മതിക്കാൻ തയ്യാറല്ല എന്ന മട്ടിലാണ് തുടർന്നത്.
കളിക്കളത്തിൽ സ്മിത്ത് പ്രതിരോധം തീർത്ത് നിന്നപ്പോൾ ഹെഡ് അതിൽ മികച്ച താളം കണ്ടെത്തി. സൂപ്പർതാരം സ്റ്റീവൻ സ്മിത്തിനെ കാഴ്ചക്കാരനാക്കി ഹെഡ് ഇന്ത്യൻ ബൗളർമാരെ ആക്രമിച്ച് കളിച്ചു. ആസ്ട്രേലിയ പതിയെ മത്സരത്തിൽ നിലയുറപ്പിക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്. എന്നാൽ അപ്രതീക്ഷിതമെന്നോണം മുഹമ്മദ് സിറാജ് വീണ്ടും ആസ്ട്രേലിയക്ക് മേൽ ആഞ്ഞടിച്ചു. ടീം സ്കോർ 79ൽ നിൽക്കെ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തിച്ച് സിറാജ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. കളിയിൽ 17 റൺസായിരുന്നു സ്മിത്തിന്‍റെ സമ്പാദ്യം. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 63 റൺസുമായി ഹെഡും അഞ്ച് റൺസുമായി മിച്ചൽ മാർഷുമാണ് ക്രീസിൽ.
Also Read : ചെന്നൈയിനെ വീഴ്ത്തി മഞ്ഞപ്പട; ജയം എതിരില്ലാത്ത 3 ഗോളിന്
ആസ്ട്രേലിയൻ സ്കോർബോർഡിലുള്ളത് 104 റൺസാണ്. ട്രാവിസ് ഹെഡ് എത്രത്തോളം സമയം ക്രീസിൽ ചിലവഴിക്കുന്നുവോ അത്രയം നേരം മത്സരം എങ്ങോട്ട് വേണമെങ്കിലും തിരിയുമെന്ന സാഹചര്യവും നിലവിലുണ്ട്. എങ്കിൽ പോലും കളിക്കളത്തിൽ ഇന്ത്യക്ക് വലിയ ആധിപത്യം തന്നെ മത്സരത്തിലുണ്ട്.