വര്‍ഗീയത പറഞ്ഞ് ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍; ഷാഫി പറമ്പില്‍

വര്‍ഗീയത പറഞ്ഞ് ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍; ഷാഫി പറമ്പില്‍

വടകര: വര്‍ഗീയത പറഞ്ഞ് ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ തനിക്കിഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണെന്ന് ഷാഫി പറമ്പില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷാഫി പറമ്പിലിനെതിരായി ഉയര്‍ന്നുവന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കോഴിക്കോട് വടകരയില്‍ യു.ഡി.എഫ്. നടത്തിയ ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയത പറഞ്ഞ് ഒരു തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം നൂറ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനാണ്. വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം വടകരയെ ചേര്‍ത്ത് നിര്‍ത്തും. വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ എന്റെ പേര് ഉണ്ടാകില്ല. വര്‍ഗീയ ധ്രുവീകരണത്തിന് വടകര നിന്നുകൊടുത്തിട്ടില്ല എന്ന് ജൂണ്‍ നാലിന് വ്യക്തമാകുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.

മോദിയുടെ പ്രസംഗത്തിന്റെ മലയാളം പരിഭാഷ ആവരുത് സി.പി. എം. എന്നും ഷാഫി പറഞ്ഞു. വിഭാഗീയതയുടെ ആദ്യ സ്വരം ഉയര്‍ത്തിയത് ഡി.വൈ.എഫ്.ഐ. മുന്‍ നേതാവ്. അവരുടെ നേതാവിനെ ‘കാഫിര്‍’ ആക്കി എന്നാണ് അവര്‍ ഇപ്പോഴും പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ആ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയ ആളെ പൊതുസമുഹത്തിനു മുന്നിലും നിയമത്തിനുമുന്നിലും കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകാത്തതെന്നും ഷാഫി ചോദിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ എതിര്‍സ്ഥാനാര്‍ഥിയായ സി.പി.എമ്മിന്റെ കെ.കെ. ശൈലജയ്ക്കെതിരെ ‘കാഫിറിന്’ വോട്ട് നല്‍കരുത് എന്ന തരത്തില്‍ പ്രചാരണം നടത്തി എന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. ഈ പ്രചാരണം തെറ്റാണെന്ന് തെളിഞ്ഞാല്‍ അത് തിരുത്താന്‍ സി.പി.എം. തയ്യാറാകുമോ എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.

Top