പോൾ പൊസിഷനിൽ നിന്ന് കുതിച്ചു, 13 ലാപ്പിലും മുന്നിൽ! ഒടുവിൽ നോറിസിന് തിരിച്ചടിയായത് ‘വിഎസ്‌സി’ നിയമം

വിഎസ്‌സി സമയത്ത് നോറിസിന് പിന്നിലായിരുന്ന അന്റോണെല്ലിക്കും റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പനും പിറ്റ് ചെയ്യാൻ സാധിച്ചു

പോൾ പൊസിഷനിൽ നിന്ന് കുതിച്ചു, 13 ലാപ്പിലും മുന്നിൽ! ഒടുവിൽ നോറിസിന് തിരിച്ചടിയായത് ‘വിഎസ്‌സി’ നിയമം
പോൾ പൊസിഷനിൽ നിന്ന് കുതിച്ചു, 13 ലാപ്പിലും മുന്നിൽ! ഒടുവിൽ നോറിസിന് തിരിച്ചടിയായത് ‘വിഎസ്‌സി’ നിയമം

മാഡ്രിങ് സ്ട്രീറ്റ് സർക്യൂട്ടിൽ പോൾ പൊസിഷനിൽ നിന്ന് റേസ് തുടങ്ങിയ മക്‌ലാരന്റെ ലാൻഡോ നോറിസ് ആദ്യ 13 ലാപ്പിലും മികച്ച ലീഡിലായിരുന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലിയേക്കാൾ ആറ് സെക്കൻഡിലധികം മുന്നിലായിരുന്ന നോറിസിന് വിജയം ഉറപ്പിച്ചതായി തോന്നിയെങ്കിലും, 14-ാം ലാപ്പിലെ വിർച്വൽ സേഫ്റ്റി കാർ (വിഎസ്‌സി) സമയക്രമം മത്സരത്തിന്റെ ഗതി മാറ്റി. ലാൻസ് സ്‌ട്രോളിന്റെ ആസ്റ്റൺ മാർട്ടിൻ ടേൺ 20-ൽ തകരാറിലായി നിന്നതിനെ തുടർന്നാണ് വിഎസ്‌സി പ്രഖ്യാപിച്ചത്. എന്നാൽ അതിന് തൊട്ടുമുമ്പ് നോറിസ് പിറ്റ് ലെയ്ൻ പ്രവേശനം കടന്നുപോയിരുന്നു.

വിഎസ്‌സി സമയത്ത് നോറിസിന് പിന്നിലായിരുന്ന അന്റോണെല്ലിക്കും റെഡ് ബുള്ളിന്റെ മാക്‌സ് വെസ്റ്റാപ്പനും പിറ്റ് ചെയ്യാൻ സാധിച്ചു. സാധാരണ റേസ് സമയത്തെ പിറ്റ് സ്റ്റോപ്പിനെക്കാൾ ഏകദേശം 11 സെക്കൻഡ് വരെ ലാഭിക്കാനാകുന്ന അവസരമാണ് ഇരുവർക്കും ലഭിച്ചത്. അടുത്ത ലാപ്പിൽ നോറിസ് പിറ്റ് ലെയ്‌നിലെത്തുന്നതിന് തൊട്ടുമുമ്പ് വിഎസ്‌സി പിൻവലിക്കുകയും ചെയ്തു. ഇതോടെ വിഎസ്‌സിയുടെ ആനുകൂല്യത്തിൽ പിറ്റ് ചെയ്യാൻ കഴിയാതിരുന്ന ഒരേയൊരു ഡ്രൈവറായി നോറിസ് മാറി. 15-ാം ലാപ്പിൽ പിറ്റ് ചെയ്തപ്പോൾ വലതുവശത്തെ ടയറുകൾ മാറ്റുന്നതിലുണ്ടായ പ്രശ്‌നവും അഞ്ച് സെക്കൻഡ് നഷ്ടപ്പെടുത്തി. ട്രാക്കിലേക്ക് തിരിച്ചെത്തുമ്പോൾ അന്റോണെല്ലിയേക്കാൾ 15 സെക്കൻഡും വെസ്റ്റാപ്പനേക്കാൾ ഒമ്പത് സെക്കൻഡും പിന്നിലായിരുന്നു നോറിസ്. പുതിയ മാഡ്രിങ് സർക്യൂട്ടിൽ ഓവർടേക്ക് ചെയ്യുന്നത് ബുദ്ധിമുട്ടായതോടെ മൂന്നാം സ്ഥാനത്ത് റേസ് അവസാനിപ്പിക്കേണ്ടിവന്നു.

ALSO READ ;സ്വരേവിന്റെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം; ഷെൽട്ടനെ വീഴ്ത്തി യു.എസ്. ഓപ്പൺ കിരീടം

റേസിന് പിന്നാലെ കടുത്ത പ്രതികരണവുമായി നോറിസ് രംഗത്തെത്തി. സംഭവിച്ചത് അതിഭീകരമായ നിർഭാഗ്യമാണെന്നും ഒരു റേസിന്റെ മുഴുവൻ ഫലവും നിർണയിക്കുന്ന ഒന്നായി വിഎസ്‌സി നിയമം മാറരുതെന്നും താരം പറഞ്ഞു. സർക്യൂട്ടിന്റെ ലേഔട്ടിനെയും നോറിസ് വിമർശിച്ചു. അതേസമയം, വിഎസ്‌സി വരുമെന്ന് മുൻകൂട്ടി കണ്ട് പിറ്റ് ചെയ്യാതിരുന്നതിനെ മക്‌ലാരൻ ടീം പ്രിൻസിപ്പൽ ആൻഡ്രിയ സ്റ്റെല്ല വിശദീകരിച്ചു. മാഡ്രിങ്ങിലെ നീളമേറിയ പിറ്റ് ലെയ്‌നിൽ സാധാരണ സമയത്ത് പിറ്റ് ചെയ്താൽ 27 സെക്കൻഡ് നഷ്ടപ്പെടുമെന്നും വിഎസ്‌സി വന്നില്ലായിരുന്നെങ്കിൽ വിജയം പൂർണമായും നഷ്ടപ്പെടുമായിരുന്നുവെന്നും സ്റ്റെല്ല പറഞ്ഞു.

എന്താണ് വിഎസ്‌സി, എന്തുകൊണ്ടാണ് വിവാദം?

ട്രാക്കിൽ അപകടമുണ്ടാകുകയോ കാറിന്റെ ഭാഗങ്ങൾ വീഴുകയോ മാർഷലുകൾക്ക് ട്രാക്കിനോട് ചേർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമുണ്ടാകുകയോ ചെയ്താൽ ഡ്രൈവർമാരുടെ വേഗം നിയന്ത്രിക്കാനാണ് വിഎസ്‌സി ഉപയോഗിക്കുന്നത്. യഥാർഥ സേഫ്റ്റി കാർ ട്രാക്കിലിറങ്ങാതെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നതാണ് ഇത്. കാർ ട്രാക്കിന്റെ വശത്ത് നിൽക്കുക, ഭാഗങ്ങൾ ട്രാക്കിൽ വീഴുക, മാർഷലുകൾ പ്രവർത്തിക്കുക, ചെറിയ അപകടത്തിന് ശേഷം ട്രാക്ക് വൃത്തിയാക്കേണ്ടിവരിക തുടങ്ങിയ സാഹചര്യങ്ങളിൽ റേസ് ഡയറക്ടർ വിഎസ്‌സി പ്രഖ്യാപിക്കും. വിഎസ്‌സി വന്നാൽ ഓരോ ട്രാക്ക് സെക്ഷനും കടക്കാൻ അനുവദിക്കുന്ന കുറഞ്ഞ സമയമായ ‘ഡെൽറ്റ ടൈം’ ഡ്രൈവർമാർ പാലിക്കണം. ഉദാഹരണത്തിന് ഒരു സെക്ഷന് കുറഞ്ഞത് 30 സെക്കൻഡ് നിശ്ചയിച്ചിരിക്കെ ഡ്രൈവർ അത് 28 സെക്കൻഡിൽ പൂർത്തിയാക്കിയാൽ വേഗനിയന്ത്രണം ലംഘിച്ചതായി കണക്കാക്കാം. മാഡ്രിങ് സംഭവത്തോടെ എല്ലാ ഡ്രൈവർമാർക്കും തുല്യ അവസരം ഉറപ്പാക്കാൻ വിഎസ്‌സി കുറഞ്ഞത് ഒരു മുഴുവൻ ലാപ്പെങ്കിലും നിലനിർത്തണമോ എന്ന ചർച്ചയും ശക്തമായി. വിഷയം അടുത്ത ഡ്രൈവേഴ്‌സ് ബ്രീഫിങ്ങിൽ ചർച്ച ചെയ്യുമെന്ന് വെസ്റ്റാപ്പൻ വ്യക്തമാക്കി. എന്നാൽ നിയമത്തിൽ മാറ്റം വരുത്തണമെങ്കിൽ സ്ട്രാറ്റജി അഡൈ്വസറി കമ്മിറ്റി, എഫ് വൺ കമ്മീഷൻ തുടങ്ങിയ ഘട്ടങ്ങളിലൂടെ ദീർഘമായ നടപടിക്രമം ആവശ്യമാണ്.

Share Email
Top