ബെംഗളൂരു: ബെംഗളൂരുവിലെ രാമനഗരയില്‍ ഭര്‍ത്താവിന്റെ കടം തീര്‍ക്കാന്‍ നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വില്‍ക്കാന്‍ സഹായിച്ച രണ്ടുപേരെയും കുട്ടിയെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു. 30 ദിവസം മാത്രം പ്രായമായ ആണ്‍കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുഞ്ഞിനെ രക്ഷപ്പെടുത്തി മാണ്ഡ്യയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി.
ഡിസംബര്‍ ഏഴിന് യുവതിയുടെ ഭര്‍ത്താവാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയത്. തന്റെ ഭാര്യക്ക് കൃത്യത്തില്‍ പങ്കുള്ളതായി സംശയമുണ്ടെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നവരാണ് ദമ്പതികള്‍. മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയും ജീവിത ചെലവുകളും തള്ളി നീക്കുന്നതില്‍ പ്രയാസം നേരിട്ടതോടെ നവജാതശിശുവിനെ വില്‍ക്കാമെന്ന് യുവതി ഭര്‍ത്താവിനോട് പറയുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് യുവതിയെ പിന്തിരിപ്പിച്ചു.
Also Read: ഷാന്‍ വധക്കേസ്; നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം യുവാവ് ജോലിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. സുഖമില്ലാത്തതിനാല്‍ ഡോക്ടറിനെ കാണിക്കുന്നതിനായി ബന്ധുവിനൊപ്പം കുഞ്ഞിനെ കൊടുത്തുവിട്ടതായി യുവതി പറഞ്ഞു. പിറ്റേന്ന് രാവിലെ ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴും കുഞ്ഞിനെ വീട്ടില്‍ കണ്ടില്ല. തലേദിവസം പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ യുവാവ് പിറ്റേന്ന് രാവിലെ പോലീസില്‍ നല്‍കുകയായിരുന്നു.
വനിത പോലീസ് യുവതിയെ വീട്ടിലെത്തി ചോദ്യം ചെയ്തപ്പോഴും കുട്ടി ബന്ധുവിനൊപ്പമാണെന്നായിരുന്നു യുവതിയുടെ മറുപടി. കൂടുതല്‍ ചോദ്യം ചെയ്യലിനൊടുവിലാണ് കുഞ്ഞിനെ ബെംഗളൂരുവിലെ യുവതിക്ക് ഒന്നരലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് മൊഴി നല്‍കിയത്. ഉടനെ പോലീസ് ബെംഗളൂരുവിലെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. കുട്ടിയുടെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.