തിരുവനന്തപുരം: നിയമസഭാ നയപ്രഖ്യാപനത്തിനിടെ തന്റെ മീൻവിഭവങ്ങളോടുള്ള പ്രിയം തുറന്നുപറഞ്ഞ് ഗോവക്കാരനായ പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. അതോടൊപ്പം മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ കാൽമുട്ടുവേദനയെപ്പറ്റിയും പറഞ്ഞു. മുട്ടുവേദനയുണ്ടായിട്ടും രണ്ടുമണിക്കൂറോളം നിന്നാണ് ഒറ്റനിൽപ്പിൽത്തന്നെ ഗവർണർ നയപ്രഖ്യാപനം പൂർത്തിയാക്കിയത് .
നയപ്രഖ്യാപനത്തിനിടെ മത്സ്യമേഖലയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളിലാണ് ആർലേക്കർ സന്തോഷം പ്രകടിപ്പിച്ചതും താനും മീൻകഴിക്കുന്നയാളാണെന്ന് പറഞ്ഞതും. ഗവർണറുടെ സന്തോഷപ്രകടനം ഭരണപക്ഷ അംഗങ്ങൾ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തു. നയപ്രഖ്യാപനം പൂർത്തിയാക്കി പുറത്തേക്ക് പോകുന്നതിനിടെയാണ് തന്റെ ഇടതുകാൽമുട്ട് ചൂണ്ടിക്കാട്ടി വേദനയെപ്പറ്റി മുഖ്യമന്ത്രിയോട് പറഞ്ഞത്. സ്പീക്കറുടെ ഡയസിൽനിന്ന് പടവുകളിറങ്ങാൻ അൽപ്പം പ്രയാസപ്പെടുകയും ചെയ്തു.
Also Read: ‘ദൃശ്യങ്ങൾ ഫെയ്ക്ക് അല്ല’ പോക്സോ കേസിൽ യെഡിയൂരപ്പയ്ക്ക് തിരിച്ചടി
മെസ്സി വരുമോ..?

2025-ൽ അർജന്റീന ഫുട്‌ബോൾ ടീമിനെ സൗഹൃദമത്സരത്തിന് ക്ഷണിച്ചിട്ടുണ്ടെന്ന് ഗവർണർ വായിച്ചപ്പോൾ പ്രതിപക്ഷനിരയിൽനിന്ന് ചോദ്യമുയർന്നു: ‘മെസി വരുമോ?’ അർജന്റീന ടീം വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ അടുത്തിടെ പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്ഥിരീകരണമൊന്നുമുണ്ടായില്ല.
Also Read:ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം: വി അബ്ദുറഹ്‌മാൻ
ഇംഗ്ലീഷിൽ തയ്യാറാക്കിയ നയപ്രഖ്യാപനമാണ് വായിച്ചതെങ്കിലും പദ്ധതികളുടെയും സ്ഥലങ്ങളുടെയുമൊക്കെ മലയാളത്തിലുള്ള പേരുപറയാൻ ഗവർണർ പാടുപെട്ടു. വാക്കുകളിൽ ‘സംരംഭകസഭ’യായിരുന്നു കഠിനം. ആചാരസ്ഥാനീയർ, കോലധികാരികൾ, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയവയും ഗവർണറെ ബുദ്ധിമുട്ടിച്ചു. ഉച്ചാരണപ്പിശകിൽ അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തു.