തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ആര്യാടൻ ഷൗക്കത്തിനെ പരിഹസിച്ച് പി.വി അൻവർ. നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പി.വി അൻവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകരുടെ ഭാഗത്ത് നിന്ന് ആര്യാടൻ ഷൗക്കത്തിനെ കുറിച്ച് ഉള്ള ചോദ്യങ്ങളുയർന്നു. അപ്പോഴായിരുന്നു അൻവറിന്റെ ഈ പ്രതികരണം. നേരത്തെ അൻവറിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ എതിർപ്പുമായി ആര്യാടൻ ഷൗക്കത്ത് രംഗത്തെത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
“അയാൾ കഥയെഴുതുകയാണെന്നും ശല്യപ്പെടുത്തേണ്ട കാര്യമില്ല, ഷൗക്കത്തിനെ കണ്ടിട്ട് കുറേക്കാലമായി. മുമ്പ് കല്യാണ വീടുകളിൽ കാണുമായിരുന്നു. ഇപ്പോൾ അതും കാണാറില്ല. സാംസ്കാരിക പ്രവർത്തനങ്ങളുമായി അദ്ദേഹം തിരക്കിലാണ്. വെറുതെ ഇതിലേക്ക് ആര്യാടൻ ഷൗക്കത്തിനെ പിടിച്ചിടേണ്ട കാര്യമില്ല“- പി.വി അൻവർ പറഞ്ഞു.
Also Read : അൻവറിന്റെ വാചക കസർത്തുകൊണ്ട് രാഷ്ട്രീയം കൈകാര്യം ചെയ്യാനാവില്ല; ഗോവിന്ദൻ
അൻവറിന്റെ ‘വിവാദ രാഷ്ട്രീയ’ നീക്കങ്ങൾ

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയാണ് കഴിഞ്ഞ ദിവസം പി.വി അൻവറിന് അംഗത്വം നൽകിയത്. ഔദ്യോഗിക എക്സ് പേജിലൂടെ അൻവറിന് അംഗത്വം നൽകിയ വിവരം തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
Also Read : നിലമ്പൂരിൽ വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്ന് പി.വി അൻവർ
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പടെ അൻവർ ചർച്ചകൾ നടത്തി. ഇതിനിടെ ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ തൃണമൂൽ കോൺഗ്രസിലേക്കുള്ള രാഷ്ട്രീയ ചുവടുമാറ്റം.