ദുബായ്: വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ അക്രമിയെ കീഴ്പ്പെടുത്തുകയും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തുകയും ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മച്ചാർ കാട്ടിയ അസാമാന്യ ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും ശൈഖ് ഹംദാൻ പ്രശംസിച്ചു. വിമാനത്തിലെ സംഭവം ഭീകരാക്രമണമാണെന്ന് യു.എ.ഇ. സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ശൈഖ് ഹംദാൻ ആശുപത്രിയിലെത്തി മച്ചാറിനെ കണ്ടത്.
ചികിത്സയിൽ കഴിയുന്ന മച്ചാറിനെ നേരിൽ കണ്ട ശൈഖ് ഹംദാൻ, രാജ്യത്തെ ഭരണകർത്താക്കളെല്ലാം അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നതായി അറിയിച്ചു. അക്രമിയെ ധീരമായി കീഴ്പ്പെടുത്തുകയും വിമാനത്തിലെ യാത്രക്കാരെയും രാജ്യത്തെയും രക്ഷിക്കാൻ ഇടപെടുകയും ചെയ്ത മച്ചാറിന് യു.എ.ഇയുടെ അഭിനന്ദനം തുടരുകയാണ്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയാണ് ശൈഖ് ഹംദാൻ.
“താങ്കൾ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണെന്നതിൽ സന്തോഷമുണ്ട്. രാജ്യത്തിന്റെ ധീരചരിത്രത്തിന്റെ ഭാഗമാണ് താങ്കൾ. സമാധാനത്തിനും മനുഷ്യരെ ചേർത്തുനിർത്തലിനുമാണ് യു.എ.ഇ നിലകൊള്ളുന്നത്. രാജ്യത്തിന്റെ മൂല്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്ന സ്മിത്ത് മച്ചാറിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും അഭിനന്ദിക്കുന്നു,” എന്നാണ് ശൈഖ് ഹംദാൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. വിമാനത്തിലെ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലെ തബൂക്കിലെ ആശുപത്രിയിലായിരുന്നു മച്ചാർ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസമാണ് സ്മിത്ത് മച്ചാറിനെ തബൂക്കിൽ നിന്ന് ദുബായിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. വിമാനത്തിനുള്ളിലെ ആക്രമണത്തിനിടെ ക്യാപ്റ്റൻ മച്ചാർ നടത്തിയ ഇടപെടലും തുടർന്ന് ലഭിക്കുന്ന ഔദ്യോഗിക അംഗീകാരങ്ങളും സംഭവത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.






