ഫുട്‌ബോൾ ലോകകപ്പിൽ ഈജിപ്തിനെതിരായ അർജന്റീനയുടെ നാടകീയ വിജയത്തിന് പിന്നാലെ, സൂപ്പർ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇന്റർ മയാമി സഹ ഉടമയുമായ ഡേവിഡ് ബെക്കാം. കളിക്കളത്തിലെ മിന്നുന്ന പ്രകടനം മാത്രമല്ല, ഫുട്‌ബോളിന് പുറത്തുള്ള മെസ്സിയുടെ വ്യക്തിത്വവും മാതൃകാപരമാണെന്ന് ബെക്കാം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ കുറിച്ചു.
“മെസ്സി വളരെ സവിശേഷനായൊരു മനുഷ്യനാണ്. മൈതാനത്ത് അദ്ദേഹം ചെയ്യുന്ന അത്ഭുതങ്ങൾ കൊണ്ട് മാത്രമല്ല, കളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ടുകൂടിയാണ് ഞാൻ ഇത് പറയുന്നത്,” മെസ്സിയുടെ ചിത്രത്തിനൊപ്പം ബെക്കാം കുറിച്ചു. മറ്റൊരു ചിത്രത്തിൽ ‘കൂടുതലായി ഒന്നും പറയാനില്ല’ എന്ന് മാത്രം കുറിച്ചുകൊണ്ട് മെസ്സിയോടുള്ള തന്റെ ആദരവ് ബെക്കാം പ്രകടിപ്പിച്ചു. ഇന്റർ മയാമിയിലേക്ക് മെസ്സിയെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ബെക്കാമുമായി അടുത്ത സൗഹൃദമാണ് അർജന്റീന നായകൻ പങ്കുവെക്കുന്നത്.
ഈജിപ്തിനെതിരെ അവിശ്വസനീയ തിരിച്ചുവരവ്
പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന തുടക്കത്തിൽ വലിയ പ്രതിസന്ധിയിലായിരുന്നു. യാസർ ഇബ്രാഹിം (15′), മൊസ്തഫ സിക്കോ (67′) എന്നിവരിലൂടെ ഈജിപ്ത് 2-0 ന് മുന്നിലെത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാർ പുറത്താകലിന്റെ വക്കിലെത്തിയിരുന്നു. മെസ്സിയുടെ പെനാൽറ്റി ഈജിപ്ഷ്യൻ ഗോൾകീപ്പർ മൊസ്തഫ ഷൊബീർ തടഞ്ഞത് അർജന്റീനയ്ക്ക് ഇരട്ടി തിരിച്ചടിയായി.
എന്നാൽ, അവസാന മിനിറ്റുകളിൽ കളി മാറിമറിഞ്ഞു. 79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ആദ്യ ഗോൾ മടക്കി. നാല് മിനിറ്റിനുള്ളിൽ മെസ്സി സമനില ഗോൾ കണ്ടെത്തി. ഒടുവിൽ, ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയ ഗോളിലൂടെ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ഈ മത്സരത്തോടെ 39-കാരനായ മെസ്സി ഫുട്‌ബോൾ ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളാണ് സ്വന്തമാക്കിയത്. തുടർച്ചയായി ഒൻപത് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം മെസ്സി തന്റെ പേരിലാക്കി. ഈ ടൂർണമെന്റിൽ മാത്രം എട്ട് ഗോളുകൾ അടിച്ചുകൂട്ടിയ താരം, 1930-ൽ ഗില്ലെർമോ സ്റ്റാബിൽ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡും മെസ്സിയെ തേടിയെത്തിയപ്പോൾ, ലോകകപ്പ് ചരിത്രത്തിലെ അദ്ദേഹത്തിന്റെ ആകെ ഗോൾ നേട്ടം 21 ആയി ഉയർന്നു.






