കൊച്ചി: വസ്ത്രത്തിൻ്റെയോ നിറത്തിൻ്റെയോ പേരിൽ ആരെയും വിലയിരുത്തരുത്, മനുഷ്യനെ മനുഷ്യനായി കാണണമെന്നും ദയാബായി പറഞ്ഞു. പത്ത് വർഷം മുമ്പ് ആലുവ റെയിൽവേസ്റ്റേഷന് സമീപത്ത് വെച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദയാബായിയെ അസഭ്യം പറഞ്ഞ് റോഡിലിറക്കി വിട്ട കേസിൽ കണ്ടക്ടർക്ക് ആലുവ കോടതിയിൽ നേരിട്ടെത്തി മാപ്പ് നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദയാബായി. തനിക്ക് ആരോടും പരാതിയില്ല. മോശമായി പെരുമാറിയ സംഭവത്തിൽ ആദ്യം തന്നെ ഇയാൾക്ക് മാപ്പ് നൽകിയതാണെന്നും അവർ പറഞ്ഞു.
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ദയാബായിയെ ആലുവ റെയിൽവേ സ്റ്റേഷന് സമീപം ബസിൽ വെച്ച് അസഭ്യം പറയുകയും നിർബന്ധിച്ച് റോഡിലിറക്കി വിടുകയായിരുന്നുവെന്നുമാണ് പരാതി. അന്ന് സംഭവമറിഞ്ഞ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെടുകയും കണ്ടക്ടർക്കെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Also Read: കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
അതേസമയം കേസിലെ എതിർകക്ഷിയും അന്ന് വടക്കേഞ്ചേരി ഡിപ്പോയിലെ ബസിന്റെ കണ്ടക്ടറുമായിരുന്ന ഷൈലൻ, ഡ്രൈവർ യൂസഫ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. ഇവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ആയിരുന്നു കേസെടുത്തിരുന്നത്. കേസ് അവസാനിപ്പിക്കേണ്ട നടപടിക്രമങ്ങളുടെ ഭാഗമായാണ് അവർ കോടതിയിൽ നേരിട്ട് എത്തിയത്.