കുട്ടിക്കാലം മുതല്‍ താന്‍ ആര്‍.എസ്.എസ്: വിരമിക്കല്‍ ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിൻ്റെ പരാമർശം വിവാദമാകുന്നു

കുട്ടിക്കാലം മുതല്‍ താന്‍ ആര്‍.എസ്.എസ്: വിരമിക്കല്‍ ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസിൻ്റെ പരാമർശം വിവാദമാകുന്നു

കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്ന് വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസിൻ്റെ പരാമര്‍ശം വിവാദമാകുന്നു. സംഘടനയിലേക്ക് മടങ്ങാനും താന്‍ തയാറാണെന്ന് തുറന്ന് പ്രസ്താവിച്ചത് ജുഡീഷ്യറിയിലെ കാവിവല്‍ക്കരണത്തിൻ്റെ പ്രത്യക്ഷമായ തെളിവാണെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് മുന്‍ ജഡ്ജി തൻ്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാക്കിയത്. കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസ് അംഗമായിരുന്നെന്നും സംഘടന വിളിച്ചാല്‍ തിരിച്ചു ചെല്ലാന്‍ തയാറാണെന്നും ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് വ്യക്തമാക്കി. നിര്‍ണായകമായ പല കേസുകളിലും സംഘപരിവാര്‍ അനുകൂല വിധികള്‍ ഉണ്ടാകുന്നത് സംശയാസ്പദമായി നില്‍ക്കെയാണ് പരാമര്‍ശം.
ഇന്ന് എൻ്റെ ശരിക്കുള്ള വ്യക്തിത്വം വെളിവാക്കേണ്ടതുണ്ട്. ഞാന്‍ ഒരു സംഘടനയോട് വളരെ കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ യൗവനകാലം വരെ ഞാനവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ആര്‍എസ്എസ് അംഗമാണ്. തൻ്റെ വ്യക്തിത്വം രൂപപ്പെട്ടതില്‍ ആര്‍എസ്എസ് പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിരമിക്കാന്‍ വളരെ കുറച്ചുനാള്‍ മാത്രം ശേഷിക്കെ, കൊല്‍ക്കത്ത ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി അഭിജിത് ഗംഗോപാധ്യായ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് താംലുക്ക് മണ്ഡലത്തില്‍ ബിജെപി ലോക്‌സഭ ടിക്കറ്റും നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ദുര്‍ഭരണം സഹിക്കാന്‍ സാധിക്കാതെയാണ് താന്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അഭിജിത്തിൻ്റെ പ്രതികരണം. തൃണമൂലിനെതിരായ പല നിര്‍ണായക കേസുകളിലും വിധി പറഞ്ഞ ജഡ്ജി കൂടിയായിരുന്നു അദ്ദേഹം.

ജുഡീഷ്യറിയില്‍ സംഘപരിവാര്‍ കടന്നുകയറ്റം ഉണ്ടെന്ന ആക്ഷേപം ശക്തമായിരിക്കെ, അത് തെളിയിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. നിര്‍ണായകമായ പല കേസുകളിലും സംഘപരിവാര്‍ അനുകൂല വിധികള്‍ വരുന്നത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഭരണഘടനയനുസരിച്ച് ജുഡീഷ്യറിയെ ചോദ്യം ചെയ്യാന്‍ പരിധികളിരിക്കെ, നീതിന്യായ കോടതികളുടെ തലപ്പത്തും കാവിവല്‍ക്കരണം ഉണ്ടെന്ന യാഥാര്‍ഥ്യമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

Top