ലഖ്‌നൗ: രാത്രിയിൽ ഭാര്യ പാമ്പായി മാറി തന്നെ ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് മജിസ്ട്രേറ്റിന് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ രംഗത്ത്. ഭർത്താവിനെതിരെയുള്ള വീഡിയോയുമായി ഭാര്യ നസിമുൻ ആണ് രംഗത്തെത്തിയിരിക്കുന്നത്. ഭർത്താവ് മിറാജ് തനിക്കെതിരെ നൽകിയ വിചിത്രമായ പരാതിക്ക് പിന്നിലെ യഥാർത്ഥ കാരണം നസിമുൻ വീഡിയോയിലൂടെ വിശദീകരിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലെ ലോദാസ് ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
ഭർത്താവ് മിറാജ് തന്നെ സ്ത്രീധനത്തിന്റെ പേരിൽ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനുള്ള നീക്കത്തിലാണെന്നും, അതിന്റെ ഭാഗമായാണ് ഈ കള്ളപ്പരാതിയെന്നും നസിമുൻ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ തന്നെ നിരന്തരം ഉപദ്രവിക്കുകയാണെന്നും, നാലുമാസം ഗർഭിണിയായ തന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. താൻ പാമ്പാവുന്നതൊന്നുമല്ല ശരിക്കുള്ള പ്രശ്നമെന്നും, തന്നെ ഒഴിവാക്കാനാണ് ഈ നീക്കമെന്നുമാണ് ഭാര്യയുടെ വാദം.
രാത്രിയാകുന്നതോടെ തന്റെ ഭാര്യ നസിമുൻ പാമ്പായി മാറുന്നുവെന്നും, സർപ്പത്തെ പോലെ ശബ്ദമുണ്ടാക്കി തന്നെ ഭയപ്പെടുത്തുന്നുവെന്നുമാണ് ഭർത്താവ് മിറാജ് മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നത്. ഇതുസംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും അവർ ഇടപെടാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മജിസ്ട്രേറ്റിനെ സമീപിച്ചതെന്നാണ് ഇയാൾ അറിയിച്ചത്. എന്നാൽ, ഈ പരാതിയെ പൂർണ്ണമായി തള്ളിക്കളഞ്ഞാണ് നസിമുൻ ഭർത്താവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.













