സജീവക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ താരം ശിഖർ ധവാൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപണർമാരിൽ ഒരാളായ ധവാൻ സോഷ്യൽ മീഡിയയിലൂടെയാണ് കളി മതിയാക്കുന്നതെന്ന് അറിയിച്ചത്.ഇപ്പോൾ തൻറെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായ 2019 ഏകദിന ലോകകപ്പിനെ കുറിച്ച് മനസ് തുറന്ന് രംഗത്തെത്തിയിരിക്കുകയാണ് ധവാൻ. ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ സുഖമില്ലാതായ താൻ പെയിൻ കില്ലർ കഴിച്ചാണ് ബാറ്റിങ് തുടർന്നതെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അന്ന് തന്നെ പിന്തുണച്ചതിന് ക്യാപ്റ്റൻ എംഎസ് ധോണിയോട് ധവാൻ നന്ദി പറയുകയും ചെയ്തു.
‘2019 ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിനിടെ ഒരു സംഭവം ഉണ്ടായിരുന്നു. ഞാൻ 25 റൺസ് എടുത്തുനിൽക്കേ, എനിക്ക് പെട്ടെന്ന് സുഖമില്ലാതായി. ഞാൻ ഒരു പെയിൻ കില്ലർ കഴിച്ച് ബാറ്റിങ് തുടർന്നു. അന്ന് 109 പന്തിൽ 117 റൺസ് അടിച്ചുകൂട്ടാൻ എനിക്ക് സാധിച്ചു. അന്നത്തെ പ്ലേയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തതും എന്നെയാണ്. അന്ന് എന്നെ പിന്തുണച്ചതിന് എന്റെ ക്യാപ്റ്റൻ ധോണിയോട് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു’. ധവാൻ കൂട്ടിച്ചേർത്തു.’2013ൽ എന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 187 റൺസ് അടിച്ചുകൂട്ടി. 85 പന്തിൽ സെഞ്ച്വറി തികയ്ക്കുമ്പോൾ ഒരു അരങ്ങേറ്റക്കാരന്റെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോർഡാണ് ഞാൻ സൃഷ്ടിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു’, പ്രമുഖ മാധ്യമത്തിനോട് നൽകിയ അഭിമുഖത്തിലാണ് ധവാൻ മനസ് തുറന്നത്. 2013ൽ ധോണിയുടെ കീഴിലാണ് ധവാൻ ആദ്യ ടെസ്റ്റിന് ഇറങ്ങിയത്.
Also Read:വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
ധോണിയുടെ ക്യാപ്റ്റൻസിയിലാണ് 2010ൽ ധവാൻ ആദ്യമായി ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങുന്നത്. 2013ൽ ധോണിയുടെ കീഴിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കുന്നത്. അന്ന് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് ധവാനാണ്. ധവാൻ തന്നെയായിരുന്നു അന്നത്തെ ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. 2015 ഏകദിന ലോകകപ്പിൽ ധവാൻ ഇന്ത്യൻ ടീമിന്റെ നിർണായക താരമായിരുന്നു. 2014, 2016 ടി 20 ലോകകപ്പുകളിലും ധോണി ഏകദിന ക്യാപ്റ്റനായിട്ടുള്ള അവസാന ടൂർണമെന്റായ 2018 ഏഷ്യാ കപ്പിലും ധവാന് കളിക്കാൻ സാധിച്ചിരുന്നില്ല.