അജയ് ദേവ്ഗണിന്റെ ‘ദൃശ്യം 3: ദി കൺക്ലൂഷൻ’ കണ്ടുകഴിഞ്ഞോ? ഞെട്ടിക്കുന്ന ട്വിസ്റ്റുകളും അന്വേഷണവും കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന കഥകളും ഇഷ്ടമാണെങ്കിൽ ഇനി കാണാൻ നിരവധി സിനിമകളുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം അവസാന അധ്യായമെന്നാണ് പറയപ്പെടുന്നത്. അജയ് ദേവ്ഗണിനൊപ്പം തബു, പ്രകാശ് രാജ്, ജയദീപ് അഹ്ലാവത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ, സമാനമായ ത്രില്ലർ അനുഭവം നൽകുന്ന അഞ്ച് സിനിമകളാണ് ശ്രദ്ധ നേടുന്നത്.
വിജയ് സേതുപതി നായകനായ ‘മഹാരാജ’യാണ് ഇതിൽ ആദ്യം. നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന ഈ തമിഴ് നിയോ-നോയർ ആക്ഷൻ ത്രില്ലറിൽ ഒരു ബാർബറായാണ് വിജയ് സേതുപതി എത്തുന്നത്. ‘ലക്ഷ്മി’ എന്ന പേരുള്ള ചവറ്റുകുട്ട മോഷണം പോയെന്ന പരാതിയുമായി പൊലീസിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. എന്നാൽ പിന്നീട് മകളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന സംഭവത്തിലേക്ക് കഥ വഴിമാറുന്നു. രണ്ടാമത്തേത് കരീന കപൂർ, ജയദീപ് അഹ്ലാവത് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ജാനേ ജാൻ’. നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന ചിത്രത്തിൽ ഒറ്റയ്ക്ക് മകളെ വളർത്തുന്ന മായ ഡി’സൂസയും ഗണിതശാസ്ത്ര പ്രതിഭയായ അയൽവാസി നരേൻ വ്യാസും കേന്ദ്ര കഥാപാത്രങ്ങളാണ്. ഒരു കൊലപാതകത്തിന്റെ സത്യം മറച്ചുവയ്ക്കാൻ നരേൻ തന്റെ ബുദ്ധി ഉപയോഗിക്കുമ്പോൾ, മിടുക്കനായ പൊലീസ് ഉദ്യോഗസ്ഥൻ സത്യത്തിലേക്ക് എത്താൻ ശ്രമിക്കുന്നതാണ് കഥ.
ALSO READ:സിനിമയ്ക്ക് വേറിട്ടൊരു ഭാഷ നൽകിയ സംവിധായകൻ; സിംഗീതം ശ്രീനിവാസ റാവുവിന് വിട
ജിയോ ഹോട്ട്സ്റ്റാറിൽ ലഭിക്കുന്ന ‘ഹുങ്കാർ: ദി റോർ’ ആണ് പട്ടികയിലെ മറ്റൊരു ചിത്രം. അനീത് പദ്ദ അവതരിപ്പിക്കുന്ന 17കാരിയായ മീനു റാവത്ത്, രഘുബീർ യാദവ് അവതരിപ്പിക്കുന്ന ശക്തനായ ആത്മീയ ആൾദൈവം ‘ബാപ്ജി’ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം-കോടതിമുറി ത്രില്ലർ. നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന ‘തലാഷ്: ദി ആൻസർ ലൈസ് വിത്തിൻ’ ആണ് നാലാമത്തേത്. ആമിർ ഖാൻ, കരീന കപൂർ, റാണി മുഖർജി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 2012ലെ മിസ്റ്ററി ത്രില്ലറിൽ ഇൻസ്പെക്ടർ ശേഖാവത്തും ഭാര്യയും മകന്റെ മരണത്തിൽ തകർന്നിരിക്കുകയാണ്. ഭാര്യ നഷ്ടവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ, ഒരു നടന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ഇൻസ്പെക്ടർ ശേഖാവത്തിന്റെ ശ്രദ്ധ തിരിക്കുന്നു.
അഞ്ചാമത്തെ ചിത്രം റാണി മുഖർജി നായികയായ ‘മർദാനി’യാണ്. നെറ്റ്ഫ്ലിക്സിൽ ലഭിക്കുന്ന ചിത്രത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവാജി റോയ് അക്രമകാരികളായ ക്രിമിനൽ സംഘങ്ങൾക്കും മനുഷ്യക്കടത്തുകാർക്കും സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്യുന്ന കുറ്റവാളികൾക്കുമെതിരെയാണ് പോരാടുന്നത്. ‘ദൃശ്യം 3’യിലെ അന്വേഷണവും ട്വിസ്റ്റുകളും ഇഷ്ടപ്പെട്ട പ്രേക്ഷകർക്ക് വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള ഈ അഞ്ച് ചിത്രങ്ങളും സമാനമായ ക്രൈം ത്രില്ലർ അനുഭവം നൽകുന്നവയാണ്.






