പാതിവഴിയിൽ വീടുപണി മുടങ്ങിയോ? പട്ടികജാതി കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വരെ സർക്കാർ സഹായം! അപേക്ഷ ഒക്ടോബർ 31 വരെ

മുൻഗണനാ മാനദണ്ഡങ്ങളും പദ്ധതിയിലുണ്ട്. ഭർത്താവ് മരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ വനിതകൾ കുടുംബനാഥയായ കുടുംബങ്ങൾക്കും, ഭിന്നശേഷിക്കാരോ മാരകരോഗങ്ങളുള്ളവരോ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും മുൻഗണന ലഭിക്കും

പാതിവഴിയിൽ വീടുപണി മുടങ്ങിയോ? പട്ടികജാതി കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വരെ സർക്കാർ സഹായം! അപേക്ഷ ഒക്ടോബർ 31 വരെ
പാതിവഴിയിൽ വീടുപണി മുടങ്ങിയോ? പട്ടികജാതി കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വരെ സർക്കാർ സഹായം! അപേക്ഷ ഒക്ടോബർ 31 വരെ

തിരുവനന്തപുരം: വീട് പണിതുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം പാതിവഴിയിൽ മുടങ്ങിയോ, അല്ലെങ്കിൽ വീടിന് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയുന്നില്ലേ? പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാറിന്റെ ‘സേഫ്’ (Secure Accommodation and Facility Enhancement) ഭവന പൂർത്തീകരണ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. ഭവന പൂർത്തീകരണത്തിനും പുനരുദ്ധാരണത്തിനുമായി പരമാവധി രണ്ടുലക്ഷം രൂപയാണ് ലഭിക്കുക. ഒക്ടോബർ 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. സംസ്ഥാനതലത്തിൽ 5,000 പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

സഹായത്തുക മൂന്ന് ഗഡുക്കളായാണ് നൽകുന്നത്. ആദ്യ ഗഡുവായി 50,000 രൂപ മുൻകൂറായി ലഭിക്കും. നിർമാണത്തിന്റെ പുരോഗതി അനുസരിച്ച് രണ്ടാം ഗഡുവായി ഒരു ലക്ഷം രൂപയും, പ്രവൃത്തി പൂർത്തിയായ ശേഷം മൂന്നാം ഗഡുവായി 50,000 രൂപയും ലഭിക്കും. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾക്കാണ് അപേക്ഷിക്കാനാകുക. അപേക്ഷകന്റെയോ ഭാര്യയുടെയോ ഭർത്താവിന്റെയോ പേരിലായിരിക്കണം വീടിന്റെ ഉടമസ്ഥത. 1000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകൾക്കും ഇരുനില വീടുകൾക്കും പരിഗണനയുണ്ട്.

ALSO READ:ലഹരി കച്ചവടം ഏറ്റവും കൂടുതൽ ജയിലിൽ..! കാപ്പ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി സുഗതൻ, ഗുരുതര ആരോപണങ്ങളുമായി ബിജെപി കൗൺസിലർ

2006 ഏപ്രിൽ ഒന്നിന് ശേഷം നിർമാണം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയ വീടുകളാണ് പദ്ധതിയിൽ പരിഗണിക്കുക. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഭവന പുനരുദ്ധാരണത്തിന് സർക്കാർ സഹായം ലഭിച്ചവർക്ക് അർഹതയുണ്ടാകില്ല. മേൽക്കൂര കോൺക്രീറ്റ് ചെയ്യൽ അല്ലെങ്കിൽ പൂർത്തീകരിക്കൽ, ശുചിത്വ ടോയ്‌ലറ്റ് നിർമാണം, ഭിത്തികൾ ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, ഫ്ലോറിങ്, ടൈൽ പാകൽ, സൂവർ പ്ലാസ്റ്ററിങ്, പ്രൈമർ, പെയിന്റിങ്, ഇലക്ട്രിക്കൽ വയറിങ്, ഇഎൽസിബി, ഫാൻ, ലൈറ്റുകൾ, പ്ലംബിങ്, കുടിവെള്ള ലഭ്യത തുടങ്ങിയ നിർമാണ പ്രവർത്തനങ്ങൾക്ക് സഹായം ഉപയോഗിക്കാം. ശുചിത്വ ടോയ്‌ലറ്റ് നിർമാണത്തിന് പരമാവധി 40,000 രൂപയാണ് അനുവദിക്കുക.

മുൻഗണനാ മാനദണ്ഡങ്ങളും പദ്ധതിയിലുണ്ട്. ഭർത്താവ് മരണപ്പെട്ടതോ ഉപേക്ഷിച്ചതോ ആയ വനിതകൾ കുടുംബനാഥയായ കുടുംബങ്ങൾക്കും, ഭിന്നശേഷിക്കാരോ മാരകരോഗങ്ങളുള്ളവരോ ഉൾപ്പെടുന്ന കുടുംബങ്ങൾക്കും മുൻഗണന ലഭിക്കും. വിദ്യാർഥികളോ ഒന്നിലധികം വിദ്യാർഥിനികളോ ഉള്ള കുടുംബങ്ങൾ, 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുകളുള്ളവർ, മുമ്പ് മെയിന്റനൻസ് ഗ്രാന്റ് ലഭിക്കാത്ത കുടുംബങ്ങൾ എന്നിവർക്കും മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി അതത് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ പട്ടികജാതി വികസന ഓഫിസുമായി ബന്ധപ്പെടാം.

Share Email
Top