ഹല്‍ദ്വാനി: ഇത്തവണത്തെ ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് പ്രദര്‍ശന ഇനമാക്കിയതിനെതിരേ കോടതിയെ സമീപിച്ച ഹരിയാനക്കാരി ഹര്‍ഷിതയെ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ ഹര്‍ഷിത യാദവ് ദേശീയ ഗെയിംസിൽ രണ്ട് വെങ്കലമെഡലുകള്‍ സ്വന്തമാക്കിയിരുന്നു. മെയ്പ്പയറ്റ്, വാളും വാളും എന്നീ ഇനങ്ങളിലാണ് മെഡൽ നേടിയത്.
കളരിപ്പയറ്റ് പ്രദര്‍ശന ഇനം മാത്രമായിരുന്നതിനാല്‍ ദേശീയ ഗെയിംസിന്റെ ഔദ്യോഗിക പട്ടികയില്‍ ഈ ഇനം ഉൾപ്പെടുത്തിയിരുന്നില്ല. കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ അടുത്ത തവണയും ശ്രമിക്കുമെന്ന് ഹര്‍ഷിത പറഞ്ഞു. ഹര്‍ഷിതയുടേതുള്‍പ്പെടെ ഹരിയാന കളരിപ്പയറ്റില്‍ മൂന്ന് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ ഏഴ് മെഡലുകള്‍ നേടി.
Also Read: ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യ-പാകിസ്ഥാൻ മത്സര ടിക്കറ്റുകള്‍ക്ക് വന്‍ ഡിമാന്‍ഡ്
അതേസമയം, കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമേ കളരിപ്പയറ്റ് ഉള്ളൂവെന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐ.ഒ.എ.) കളരിപ്പയറ്റിനെ ഇക്കുറി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യം പരിഗണിക്കാന്‍ കോടതി ഐ.ഒ.എ.യോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കളരിപ്പയറ്റിനെ മത്സരയിനത്തിൽ ഉള്‍പ്പെടുത്തിയില്ല.