ആഷസ് പരമ്പരയിലെ കനത്ത തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വൈസ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ മദ്യപാന വിവാദം. ന്യൂസീലൻഡ് പര്യടനത്തിനിടെ മദ്യപിച്ച് ലക്കുകെട്ട് താരം നൈറ്റ് ക്ലബ്ബിൽ പ്രശ്നങ്ങളുണ്ടാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബ്രൂക്കിന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
വിവാദ സംഭവങ്ങൾ ഇങ്ങനെ
കഴിഞ്ഞ നവംബർ ഒന്നിന് ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് തൊട്ടുതലേന്നാണ് സംഭവം നടന്നത്. വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ്ബിൽ പ്രവേശിക്കാൻ ശ്രമിച്ച ബ്രൂക്കിനെ, അമിതമായി മദ്യപിച്ചതിനാൽ സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു. ഇതോടെ താരം ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും അവരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായാണ് വിവരം. ആഷസ് പരമ്പരയ്ക്കിടെ ഇംഗ്ലണ്ട് താരങ്ങൾ നടത്തിയ ‘നൂസ ട്രിപ്പും’ ബെൻ ഡക്കറ്റ് ലഹരിയിലായ വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്രതികരണവുമായി ഹെഡ് കോച്ച് ബ്രണ്ടൺ മക്കല്ലം
ടീമിനെതിരെയുള്ള ആരോപണങ്ങളിൽ വിശദീകരണവുമായി ഹെഡ് കോച്ച് ബ്രണ്ടൺ മക്കല്ലം രംഗത്തെത്തി. “ഇംഗ്ലണ്ട് ടീമിലെ പകുതിയോളം പേരും മദ്യം ഉപയോഗിക്കുന്നവരല്ല. വല്ലപ്പോഴും ഒരു ബിയർ കഴിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. അതൊക്കെ എല്ലാവരും ചെയ്യുന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്,” മക്കല്ലം പറഞ്ഞു. ടീമിലെ മദ്യപാന സംസ്കാരത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തള്ളിക്കളഞ്ഞെങ്കിലും ബ്രൂക്കിന്റെ പെരുമാറ്റദൂഷ്യം ടീമിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.






