ദുബായ്: വനിതാ ഏകദിന ലോകകപ്പിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും, ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന് ടീമിൽ ഇടം നേടാനായില്ല. ലോകകപ്പിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ലോറ വോൾവാർഡിനെയാണ് ഐസിസി ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ടൂർണമെൻ്റിൽ ഓപ്പണറായി ഇറങ്ങി രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളും അടക്കം 71.37 ശരാശരിയിൽ 571 റൺസടിച്ച പ്രകടനമാണ് ലോറയെ ക്യാപ്റ്റനും ഓപ്പണറുമായി തിരഞ്ഞെടുക്കാൻ കാരണം.
ടൂർണമെൻ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസടിച്ച ഓപ്പണർ സ്മൃതി മന്ദാന ലോറക്ക് ഒപ്പം സഹ ഓപ്പണറായി ടീമിലെത്തി. ഒരു സെഞ്ച്വറിയും രണ്ട് അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ സ്മൃതി 54.25 ശരാശരിയിൽ 434 റൺസാണ് നേടിയത്. ഓസ്‌ട്രേലിയക്കെതിരായ സെമിയിൽ അപരാജിത സെഞ്ച്വറി നേടിയ ഇന്ത്യയുടെ ജെമീമ റോഡ്രിഗസാണ് മൂന്നാം നമ്പറിൽ ഇടം നേടിയത്.
Also Read: ‘ദൈവത്തിൻ്റെ പ്രിയപ്പെട്ട കുട്ടി’; ജെമീമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് പേസർ ശിഖ പാണ്ഡെ
ഇന്ത്യയിൽ നിന്ന് ആകെ മൂന്ന് താരങ്ങളാണ് ടീമിൽ ഇടം നേടിയത്. ടൂർണമെൻ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ദീപ്തി ശർമ്മയാണ് ടീമിലെത്തിയ മൂന്നാമത്തെ ഇന്ത്യൻ താരം. ഫൈനലിലെ അഞ്ച് വിക്കറ്റ് ഉൾപ്പെടെ 22 വിക്കറ്റുകളും മൂന്ന് അർദ്ധസെഞ്ചുറികളും അടക്കം 215 റൺസുമാണ് ദീപ്തി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൻ താരം മാരിസാനെ കാപ്പ്, ഓസ്‌ട്രേലിയയുടെ ആഷ്‌ലി ഗാർഡ്‌നർ എന്നിവരും ടീമിൽ ഇടം നേടി.
ഓസ്‌ട്രേലിയയുടെ അനാബെൽ സതർലാൻഡ്, ദക്ഷിണാഫ്രിക്കയുടെ നദീൻ ഡി ക്ലെർക്ക്, പാകിസ്ഥാൻ്റെ സിദ്ര നവാസ്, ഓസ്‌ട്രേലിയയുടെ അലാന കിംഗ്, ഇംഗ്ലണ്ടിൻ്റെ സോഫി എക്ലെസ്റ്റോൺ എന്നിവരാണ് ഐസിസി ടീമിലെ മറ്റ് താരങ്ങൾ. ഇംഗ്ലണ്ടിൻ്റെ നാറ്റ് സ്കൈവർ ബ്രണ്ട് ആണ് ടീമിലെ പന്ത്രണ്ടാമത്തെ താരം.
ഐസിസി വനിതാ ലോകകപ്പ് ടീം ഓഫ് ദി ടൂർണമെന്‍റ്
സ്മൃതി മന്ദാന (ഇന്ത്യ), ലോറ വോൾവാർഡ് (ദക്ഷിണാഫ്രിക്ക) (ക്യാപ്റ്റൻ), ജെമിമ റോഡ്രിഗസ് (ഇന്ത്യ), മാരിസാനെ കാപ്പ് (ദക്ഷിണാഫ്രിക്ക), ആഷ്‌ലി ഗാർഡ്‌നർ (ഓസ്ട്രേലിയ), ദീപ്തി ശർമ്മ (ഇന്ത്യ), അനാബെൽ സതർലാൻഡ് (ഓസ്ട്രേലിയ), നദീൻ ഡി ക്ലെർക്ക് (ദക്ഷിണാഫ്രിക്ക), സിദ്ര നവാസ് (പാകിസ്ഥാൻ), അലാന കിംഗ് (ഓസ്ട്രേലിയ), സോഫി എക്ലെസ്റ്റോണ്‍(ഇംഗ്ലണ്ട്)











