ഇറാനിലെ അമേരിക്കൻ ആക്രമണം; അപലപിച്ച് ഹമാസ്

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഈ നീക്കമെന്നും ഹമാസ് വ്യക്തമാക്കി

ഇറാനിലെ അമേരിക്കൻ ആക്രമണം; അപലപിച്ച് ഹമാസ്
ഇറാനിലെ അമേരിക്കൻ ആക്രമണം; അപലപിച്ച് ഹമാസ്

ഗാസ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ അപലപിച്ച് ഹമാസ്. ആക്രമണം ഗുരുതരമായ കടന്നുകയറ്റമാണെന്നും, ഇസ്രയേലിന്റെ അജണ്ടകളോടുള്ള അന്ധമായ വിധേയത്വം കാണിക്കലാണെന്നും ഹമാസ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും, ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഈ നീക്കമെന്നും ഹമാസ് വ്യക്തമാക്കി. യെമനിലെ ഹൂതി വിമതരും ആക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.

അമേരിക്ക ഇതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് മുന്നറിയിപ്പ്. പൊളിറ്റിക്കൽ ബ്യുറോ നേതാവ് ഹെസാം അൽ ആസദ് ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതാദ്യമായല്ല ഹൂതി വിമതർ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകുന്നത്. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്ന് ഹൂതികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Also Read: ഇസ്രയേലിലേക്ക് മിസൈൽ പെരുമഴ, തിരിച്ചടി ഭയന്ന് അമേരിക്കൻ സൈനികരും…

അതേസമയം ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി.

ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. ഇറാൻ ചർച്ചകൾക്ക് വഴങ്ങണമെന്നും, സമാധാനം അല്ലെങ്കിൽ ദുരന്തം എന്ന മുന്നറിയിപ്പും ട്രംപ് ഇറാന് നൽകി. ‘ഇത് തുടരാൻ കഴിയില്ല, ഒന്നുകിൽ സമാധാനം അല്ലെങ്കിൽ കഴിഞ്ഞ എട്ടുദിവസമായി സാക്ഷ്യം വഹിക്കുന്നതിനെക്കാൾ ​​ഗുരുതരമായ ദുരന്തമായിരിക്കും ഇറാനെ’ന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. നിരവധി ലക്ഷ്യങ്ങൾ ഇനിയും ബാക്കിയാണ് എന്ന മുന്നറിയിപ്പും ട്രംപ് നൽകി.

Share Email
Top